കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സ് പണിമുടക്ക്; കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ
നടപടി സ്വീകരിക്കാത്ത പക്ഷം മിന്നൽ പണിമുടക്കിൽ ഏർപെടുന്ന ബസ്സുകൾ തടയുമെന്നും മുന്നറിയിപ്പ്

പേരാമ്പ്ര: കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ നിരന്തരമായി മിന്നൽ പണിമുടക്ക് നടത്തുന്ന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ. നടപടി എടുക്കാത്ത പക്ഷം മിന്നൽ പണിമുടക്കിൽ ഏർപെടുന്ന ബസ്സുകൾ ഡിവൈഎഫ്ഐ തടയുമെന്നും യാത്രക്കാർക്ക് ആവശ്യമായ ബദൽ സംവിധാനം ഒരുക്കുമെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
നിരന്തരമായ സമരം കാരണം യാത്രക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ വലിയ പ്രതിസന്ധിയിലാവുകയാണ്. സമയബന്ധിതമായും സുരക്ഷിതമായുമുള്ള യാത്ര യാത്രക്കാരുടെ അവകാശമാണെന്നും ഇത് ഹനിക്കപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കി.
നേരത്തെ ഉണ്ടായ ചില വിഷയങ്ങളുടെ പശ്ചാത്തലത്തിൽ തൊഴിലാളി സംഘടനകളെയും പോലീസിന്റെയും മറ്റും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ മിന്നൽ പണിമുടക്ക് ഉണ്ടാവാൻ പാടില്ലെന്ന് തീരുമാനമെടുതിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി നിരന്തരം സമരങ്ങൾ നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് നിലവിലുള്ളത്. ഇത്തരം സമരങ്ങൾക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും ഇന്ന് കുറ്റ്യാടി, ഉള്ളിയേരി, പേരാമ്പ്ര എന്നിവിടങ്ങളിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഓടുന്ന ബസ്സുകൾക്ക് സംരക്ഷണം നൽകുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.