മന്ദങ്കാവ് ബെവ്‌കോ ഗോഡൗണിനു മുമ്പിൽ സംഘർഷം; വാഹനം തടഞ്ഞവരെ അറസ്റ്റ് ചെയ്തു
അതിശ്ചിതകാല സമരം 13 ദിവസം പിന്നിട്ടു

നടുവണ്ണൂർ: മന്ദങ്കാവ് ബെവ്കോ ഗോഡൗണിന് മുന്നിൽ ആരംഭിച്ച അതിശ്ചിതകാല സമരം 13 ദിവസം പിന്നിട്ടു. വ്യാഴാഴ്ച പുലർച്ചെ ബെവ്കോയിലേക്ക് എത്തിയ രണ്ട് ചരക്ക് ലോറികൾ സമരാനുകൂലികൾ തടഞ്ഞു. സംഘർഷാവസ്ഥയെ തുടർന്ന് ബാലുശ്ശേരിയിൽ നിന്നും സി.ഐയുടെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി അഞ്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കി.
പ്രദേശവാസികൾക്ക് തൊഴിൽ നൽകാതെ, സ്വന്തക്കാർക്കും, ഇഷ്ടകാർക്കും അനധികൃതമായി സംഘടിപ്പിച്ച ലേബർ കാർഡുമായി ജോലി ചെയ്യാൻ അവസരം നൽകിയ സി. ഐ. ടി. യൂ നേതൃത്വത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന രാപ്പകൽ സമരമാണ് പതിമൂന്നാം ദിവസത്തിലേക്ക് കടന്നത്.
വരുംദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് സംയുക്ത ട്രേഡ് യൂണിയന്റെ തീരുമാനം. ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, ബി. എം. എസ്, എന്നീ യൂണിയനുകളാണ് രാപ്പകൽ സമരം നടത്തുന്നത്.