മന്ദങ്കാവ് ബെവ്കോ സമരം ശക്തമാക്കി തൊഴിലാളികൾ
രാപ്പകൽ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു

നടുവണ്ണൂർ: മന്ദങ്കാവ് ബെവ്‌കോ ഗോഡൗണിൽ മുന്നിൽ തൊഴിലാളികൾ നടത്തിവരുന്ന രാപ്പകൽ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. നിയമവിരുദ്ധമായി തൊഴിലാളികളെ നിയമിച്ച അധികൃതരുടെ നടപടി റദ്ദാക്കണമെന്നും, പ്രദേശവാസികളായ ആളുകൾക്ക് തൊഴിൽ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ബെവ്‌കോ ഗോഡൗണിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചത്.
ലേബലിംഗ് യൂണിറ്റിൽ പ്രദേശവാസികളായ സ്ത്രീ തൊഴിലാളികളെ പരിഗണിക്കാതെ, സ്വന്തക്കാർക്കും, ഇഷ്ടക്കാർക്കും നൽകാനുള്ള സിഐടിയു നേതൃത്വത്തിന്റെ നീക്കത്തിനെതിരെയുമാണ് ഗോഡൗണിന് മുന്നിൽ ശക്തമായസമരം തുടരുന്നത്. പ്രദേശവാസികളായ ഇരുപതോളം തൊഴിലാളികൾക്ക് ലേബർ കാർഡ് ഉള്ളപ്പോഴാണ് ഏഴുമാസം മുമ്പ് സംഘടിപ്പിച്ച ലേബർ കാർഡുമായി 16 സി.ഐ.ടി.യു. തൊഴിലാളികൾ ഗോഡൗണിനുള്ളിൽ അനധികൃതമായി ജോലി ചെയ്യാനുള്ള ശ്രമം ആരംഭിച്ചത്. പ്രദേശവാസികളായ തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കും വരെ ശക്തമായ സമരവുമായി മുന്നോട്ടു കൊണ്ടു പോകാനാണ് ട്രേഡ് യൂണിയനുകളുടെ തീരുമാനം.
പതിനൊന്നാം ദിവസത്തേ സമരം മുസ്‌ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സാജിത് കോറോത്ത് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാ എം. സത്യനാഥൻ അധ്യക്ഷനായി. വിവിധ യൂണിയൻ ജില്ല ഭാരവാഹികളായ മനോജ് എടാണി, അഡ്വ: എസ്. സുനിൽ മോഹാൻ, പി. അബ്ദു, കെ. മഹേഷ്, കെ. രാജീവൻ, പി. സുജ, രാജൻ രോഷ്മ, കെ. ടി. കെ. റഷീദ് എന്നിവർ സംസാരിച്ചു. ഗിരീഷ് കുമാർ ഇടുവാട്ട്, എം. സി. കെ.സാദത്ത്, ശ്രീജിത്ത്, കെ. ഷാജി, ബൈജു പി. മന്ദങ്കാവ്, കെ. പി. ലാലിദ, ഇ. കെ. പ്രസൂൺ എന്നിവർ സമരത്തിന് നേതൃത്വം നൽകി.