മന്ദങ്കാവ്ബെവ്കോ സമരം പത്താം ദിവസത്തിലേക്ക്
യൂത്ത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സാജിത് കോറോത്ത് ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ഗ്രാമപഞ്ചായത്തിലെ മന്ദങ്കാവിൽ ആരംഭിക്കുന്ന ബെവ്‌കോ ഗോഡൗണിൽ മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം പത്താം ദിവസത്തിലേക്ക് പ്രവേശിച്ചു. ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എസ്. ടി.യു, ബി.എം.എസ് എന്നീ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം തുടരുന്നത്.
ഒഴിവ് ദിവസമായിരുന്നിട്ടും ഇന്നലെ ലോഡുമായെത്തിയ വാഹനം സമരക്കാർ തടഞ്ഞു. തിങ്കളാഴ്ച കാലത്ത് 10 മണിയോടെ ലേബർ ഓഫീസർ, ബെവ്കോ ചെയർമാൻ, ബാലുശ്ശേരി പോലീസ് സി.ഐ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമേ ഉള്ളിൽ കയറ്റിയ വാഹനത്തിൽ നിന്ന് ലോഡ് ഇറക്കുകയുള്ളൂ എന്ന ഉറപ്പിലാണ് പോലീസുമായുള്ള വാക്കേറ്റം അവസാനിപ്പിച്ചത്.
സ്വന്തക്കാർക്കും, ഇഷ്ടക്കാർക്കും തൊഴിൽ നൽകുന്ന സി.ഐ.ടി.യുവിനെതിരെ ശക്തമായ സമരം തുടരാനാണ് ട്രേഡ് യൂണിയനുകളുടെ തീരുമാനം. പ്രദേശവാസികൾക്ക് തൊഴിൽ നൽകാതെ മറ്റു പഞ്ചായത്തിലെ 16 സി.ഐ.ടി.യു തൊഴിലാളികളെയാണ് ഇവിടെ ജോലിക്ക് നിയമിച്ചത്. ഏഴു മാസം മുൻപ് കൊയിലാണ്ടി ലേബർ ഓഫീസർ അനുവദിച്ച തൊഴിൽ കാർഡ് ഉപയോഗിച്ചാണ് ഇവർ ലോഡ് ഇറക്കുന്നത്. 1999 മുതൽ ലേബർ കാർ ഉള്ള പരിസരവാസികളെ ഒഴിവാക്കിയാണ് സി.ഐ.ടി.യു. അനധികൃതമായി തൊഴിൽ കാർഡ് സംഘടിപ്പിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു.
ഒൻപതാം ദിവസത്തെ സമരം യൂത്ത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സാജിത് കോറോത്ത് ഉദ്ഘാടനം ചെയ്തു. എം. സത്യനാഥൻ അധ്യക്ഷനായി. കെ. ടി. കെ. റഷീദ്, രാജൻ രോഷ്മ, എ. പി. ഷാജി, എ. കെ. ശ്രീചിത്ത്, ബൈജു പി. മന്ദങ്കാവ് സംസാരിച്ചു.