പേരാമ്പ്ര എ.എസ്.പിക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം
കുറ്റ കൃത്യങ്ങളിൽ എ.എസ്.പി. പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപണം

പേരാമ്പ്ര : എ.എസ്.പിക്കെതിരെ രൂക്ഷ വിമർശനവുമായി സി. പി. എം ഏരിയ കമ്മിറ്റി രംഗത്ത്. ക്രമസമാധാന പാലനത്തിൽ നീതിയുക്തമായി നടപടി സ്വീകരിക്കുന്നതിനു പകരം എ. എസ്. പി വിഷ്ണുപ്രദീപ് പക്ഷപാതം കാട്ടുന്നതായും അക്രമികളെ സംരക്ഷിക്കുന്നതായും സി. പി.എം.ആരോപിച്ചു.അടുത്തിടെ പാലേരിയിലും കായണ്ണ യിലുമുണ്ടായ അക്രമ സംഭവങ്ങളിൽ യഥാർഥ പ്രതികളെ കണ്ടെത്തുന്നതിനു പകരം സി. പി. എം പ്രവർത്തകരെ വേട്ടയാടാനാണ് പൊലീസ് തയാറായത്.
ഡി. വൈ. എഫ്. ഐ പ്രവർത്തകൻ വടക്കുമ്പാട് കോങ്ങോടുമ്മൽ വിപിന്റെ വീട്ടിലേക്ക് അർധരാത്രിയിൽ ആർ. എസ്. എസുകാർ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ തയാറായിട്ടില്ല.സംഭവത്തിൽ വീടുകയറി ഭീഷണി പ്പെടുത്തിയെന്നുകാട്ടി ആർ. എസ്.എസുകാരൻ നൽകിയ പരാതിയിലും കന്നാട്ടിയിൽ ബോംബേറുണ്ടായെന്ന പരാതിയിലും സി. പി. എം പ്രവർത്തകരുടെ വീടുകളിൽ അർധരാത്രിയിൽ കയറി ദ്രോഹിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
പ്രദേശത്ത് സംഘർഷം ഉണ്ടാകുന്നത് തടയാൻ ഇടപെട്ട സി. പി. എം ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ പി. എസ്. പ്രവീണിനെ കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയു മുണ്ടായി. രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ അന്യായമായി തടഞ്ഞുവെക്കുകയും ചെയ്തുവെന്ന് ഇവർ വ്യക്തമാക്കി.