പ്രിയ സഖാവിനെ ഒരുനോക്ക് കാണാൻ പുഷ്പനെത്തി; വികാര നിർഭരമായി ടൗൺ ഹാൾ
രാത്രി പത്ത് വരെ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും

തലശ്ശേരി: ചലനമറ്റ പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെത്തി. കോടിയേരിക്ക് നേരെ ശയ്യാവലംബിയായ പുഷ്പനെ ഉയര്‍ത്തി നിര്‍ത്തിയതോടെ ടൗൺ ഹാൾ വൈകാരിക നിമിഷങ്ങള്‍ക്ക് സാക്ഷിയായി. ഇപ്പോഴും താനുമായി നല്ല ബന്ധം പുലർത്തിയിരുന്നതായും നാട്ടിൽ ഉള്ളപ്പോൾ വന്നു കാണുകയും അല്ലാത്തപ്പോൾ ഫോണിലൂടെ വിവരങ്ങൾ വിളിച്ച് അന്വേഷിച്ചിരുന്നതായും അദ്ദേഹം സ്മരിച്ചു.
എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തില്‍നിന്ന് ഉച്ചയ്ക്ക് 12.54 ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വിലാപയാത്രയായാണ് തലശ്ശേരി ടൗണ്‍ ഹാളിലേക്ക് എത്തിച്ചത്. കണ്ണൂരിന്റെ പാതയോരങ്ങളില്‍ പ്രിയസഖാവിനെ കാത്ത് ആയിരങ്ങളാണ് മുഷ്ടിചുരുട്ടി മുദ്രവാക്യങ്ങളുയര്‍ത്തി അണിനിരന്നത്.
വിമാനത്താവളത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി. ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് 3.15ഓടെ മൃതദേഹം തലശ്ശേരി ടൗണ്‍ഹാളില്‍ എത്തിക്കുകയായിരുന്നു. രാത്രി പത്ത് വരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് തിങ്കളാഴ്ച രാവിലെ 10നു കോടിയേരിയിലെ വീട്ടില്‍ എത്തിക്കും.