പോപുലർ ഫ്രണ്ടിനെതിരെ സംസ്ഥാനത്ത് നടപടികൾ തുടങ്ങി
പ്രവർത്തനം തടയാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ നിരോധന നടപടികൾ ആരംഭിച്ചു. പാർട്ടിയുടെ ഓഫീസുകളും വസ്തുവകകളും ഉപയോഗിക്കുന്നത് തടയാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് സർക്കാർ നിർദേശം നല്കി. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതേത്തുടർന്ന് രാത്രി മുതൽ പൊലീസ് നടപടികൾ ആരംഭിച്ചു. പലയിടത്തും ഓഫീസുകൾ അടച്ചുപൂട്ടി.
പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച സാഹചര്യത്തിൽ യുഎപിഎ നിയമപ്രകാരം നടപടിയെടുക്കാൻ അനുവാദം നൽകി സർക്കാർ വ്യാഴം രാവിലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജില്ലാ മജിസ്ട്രേട്ടുമാരെയും ജില്ലാ പൊലീസ് മേധാവിമാരെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
നിരോധനം സംബന്നിച്ച് പൊലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ എഡിജിപിമാരും ഐജിമാരും ഡിഐജിമാരും ജില്ലാ പൊലീസ് മേധാവിമാരും പങ്കെടുത്തു. നിരോധിത സംഘടനയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന മാർഗങ്ങൾ തടയാനും നടപടിയെടുക്കും.
സർക്കാർ ഉത്തരവ് പ്രകാരം യുഎപിഎയിലെ ഏഴ്, എട്ട് വകുപ്പനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് അധികാര മുണ്ടാകും. ജില്ലാ മജിസ്ട്രേട്ടു മാരുമായി ചേർന്നായിരിക്കും തുടർനടപടികൾ. ഇവ ക്രമ സമാധാന വിഭാഗം എഡിജിപിയും മേഖല ഐജിമാരും റേഞ്ച് ഡിഐജിമാരും നിരീക്ഷിക്കും.