വിഭജന രാഷ്ട്രീയത്തെ ഗാന്ധിയൻ മാർഗത്തിൽ ചെറുത്തു തോൽപിക്കും: അഡ്വ. പ്രവീൺ കുമാർ
ഭാരത് ജോഡോ യാത്രയുടെ ജില്ലാ പ്രചാരണ ജാഥയ്ക്ക് നടുവണ്ണൂരിൽ സ്വീകരണം നൽകി

നടുവണ്ണൂർ: അധീശത്വം നിലനിർത്താനുള്ള ഹിന്ദു - മുസ്ലീം വിഭജനമെന്ന ബ്രിട്ടീഷ് കുടില തന്ത്രം ഇക്കാലത്ത് സംഘ് പരിവാർ അതിലും നീചമായ വഴികളിലൂടെ നടപ്പാക്കുകയാണെന്ന് അഡ്വ. കെ. പ്രവീൺ കുമാർ. ഇതിനെതിരെ ഭാരത ജനതയെ ഒന്നിപ്പിക്കാനുള്ള മഹത്തായ ദൗത്യമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്നും ഡിസിസി പ്രസിഡണ്ട് പ്രസ്താവിച്ചു.
ഇടതുപക്ഷമെന്ന് സ്വയം അവകാശപ്പെടുന്ന ചിലർ വലതു പിന്തിരിപ്പന്മാരുടെ കോൺഗ്രസ് വിരുദ്ധ കുപ്രചരണങ്ങൾ ഏറ്റെടുക്കുന്നത് പരിഹാസ്യമാണെന്നും, യഥാർത്ഥ ഇടതുപക്ഷക്കാർ രാഹുലിനെയും യാത്രയെയും പിന്തുണയ്ക്കുന്നത് തിരിച്ചറിവുള്ളത് കൊണ്ടാണെന്നും ഭാരത് ജോഡോ യാത്രയുടെ ജില്ലാ പ്രചാരണ ജാഥയ്ക്ക് നടുവണ്ണൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ പി. ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സത്യനാഥൻ, കെ. പി. സത്യൻ, ഫായിസ് നടുവണ്ണൂർ എന്നിവർ പ്രസംഗിച്ചു. കെ. രാജീവൻ, കെ സി റഷീദ്, ഷബീർ നിടുങ്ങണ്ടി, സി. എം. സുധീഷ്, മനോജ് അഴകത്ത്, സജീവൻ മക്കാട്ട്, സി. കൃഷ്ണദാസ്, പി. രാമചന്ദ്രൻ, അനൂപ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.