മന്ദങ്കാവ് കേരഫെഡിൽ അനധികൃത തൊഴിലാളി നിയമനം തടയണം; സംയുക്ത തൊഴിലാളി യൂണിയൻ
പ്രതിഷേധ യോഗം എ. പി. ഷാജി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: മന്ദങ്കാവ് കേരഫെഡില്‍ പിൻവാതിൽ നിയമനം തടയണമെന്ന് ഐ. എൻ.ടി.യുസി, എസ്.ടി.യു. സംയുക്ത തൊഴിലാളി യൂണിയൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. കേരഫെഡിന് ആവശ്യമായ കയറ്റിറക്ക് തൊഴിലാളികളെ എംപ്ലോയ്മെന്റിൽ നിന്ന് നിയമിച്ചിരുന്നു. ആറുമാസ കാലാവധി കഴിഞ്ഞപ്പോൾ മൂന്നുമാസത്തേക്കു കൂടിനീട്ടി നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസം കാലാവധി പൂർത്തിയായത്തോടെ തൊഴിലാളികൾ പിരിഞ്ഞു പോയി. നിലവിൽ മൂന്ന് തൊഴിലാളികളാണ് ജോലിയിലുള്ളത്. രണ്ടുമാസം മുമ്പ് പുതിയ കയറ്റിറക്ക് തൊഴിലാളികളെ എംപ്ലോയ്മെന്റിൽ നിന്നും ഇൻറർവ്യൂ ചെയ്ത് 10 ലോഡിങ്ങ് തൊഴിലാളികളെ നിയമനം നടത്താൻ ഓർഡർ ഇറങ്ങിയിട്ടും ഇതുവരെ നിയമനം നടത്താതെ കാലാവധി നീട്ടിക്കൊണ്ടുപോകുകയാണെന്നും കഴിഞ്ഞ തൊഴിലാളികളെ തന്നെ പ്ലാന്റിൽ നിയമിക്കാനുള്ള ശ്രമം നടക്കുന്നതായും ഇവർ ആരോപിച്ചു.
ഓണക്കാലമായതിനാൽ കയറ്റിറക്ക് നടത്താൻ വേണ്ടത്ര തൊഴിലാളികളില്ലാത്തതിനാൽ നിരവധി ലോറികളും മറ്റ് വാഹനങ്ങളും കേരഫെഡിന്റെ പുറത്ത് നിർത്തിയിട്ടിരിക്കുകയാണ്. പ്രദേശത്തേ തൊഴിലാളികൾക്ക് പരിഗണന നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരവുമായി മുന്നോട്ട് പോകുമെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
യോഗം എ. പി. ഷാജി ഉദ്ഘാടനം ചെയ്തു. കെ. സാഫിർ അധ്യക്ഷനായി. ടി. എം. ഇബ്രാഹിം ഹാജി, കെ. പി. സത്യൻ, ബഷീർ കുന്നുമ്മൽ, കെ. ടി. കെ. റഷീദ്, എൻ. കാദർ, ഷാജി നടുവണ്ണൂർ, ആശിഫ്, സമീർ കണ്ണാട്ട് എന്നിവർ സംസാരിച്ചു.