മുഖ്യമന്ത്രിയുടെ മോദി ഭക്തി അതിരുകടക്കുന്നു: രമേശ് ചെന്നിത്തല
കാവിൽ സത്യനാഥന്റെ കുടുംബത്തിന് സ്നേഹവീടിന്റെ താക്കോൽ കൈമാറി

നടുവണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മോദി ഭക്തി അതിരുകടക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവും എഐസിസി ഗുജറാത്ത് സ്ഥാനാർത്ഥി നിർണയ സമിതി അധ്യക്ഷനുമായ രമേശ് ചെന്നിത്തല എംഎൽഎ. കാവിൽ പള്ളിയത്തുകുനി എളമ്പിലാശ്ശേരി താഴെക്കുനിയിൽ സത്യനാഥന്റെ കുടുംബത്തിന് കോൺഗ്രസ് സി.യു.സി കോഓഡിനേഷൻ കമ്മിറ്റി നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ കൈമാറൽ നിർവ്വഹിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനെതിരെ അണിയറയിൽ ബിജെപി - സിപിഎം അന്തർധാര സജീവമാണെന്നും മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മോദിയോടും അമിത്ഷായോടുമുള്ള പിണറായിയുടെ വിധേയത്വം മതന്യൂനപക്ഷങ്ങൾ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യവും മനുഷ്യസ്നേഹവും ഐക്യവും സംരക്ഷിക്കാൻ വിധ്വംസക ശക്തികൾക്കെതിരെ ജനം അണിനിരക്കണമെന്ന് കെ. കെ. രമ എംഎൽഎ പറഞ്ഞു. എട്ട് മാസങ്ങൾക്കുള്ളിൽ ലക്ഷങ്ങൾ ചെലവിട്ട് വീടുപണി പൂർത്തീകരിച്ചത് മാതൃകാപരമാണെന്നും രമ പറഞ്ഞു. സ്നേഹവീടിന്റെ താക്കോൽ കൈമാറൽ ചടങ്ങിൽ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു രമ.
രമേശ് ചെന്നിത്തലയിൽ നിന്നും സത്യനാഥന്റെ അമ്മ അമ്മാളു ഭാര്യ ഷൈമ, മക്കളായ അതുൽ കൃഷ്ണ, അളകനന്ദ എന്നിവർ താക്കോൽ ഏറ്റുവാങ്ങി. പള്ളിയത്തുക്കുനി അങ്ങാടിയിൽ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നാട്ടുകാർ നേതാക്കളെ സ്നേഹഭനത്തിലേക്ക് ആനയിക്കുകയായിരുന്നു.
ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, എൻ സുബ്രഹ്മണ്യൻ, കാവിൽ പി. മാധവൻ, എം. സത്യനാഥൻ, പി. സുധാകരൻ നമ്പീശൻ, പി. അയമു എന്നിവർ സംസാരിച്ചു.