ഒരു വസ്ത്രവും ആരേയും അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന് വി. ഡി. സതീശന്‍
ലിംഗ നീതിക്ക് വേണ്ടി പെണ്‍കുട്ടികളെ സഹായിക്കുമ്പോള്‍ അവരുടെ സൗകര്യാര്‍ത്ഥം വസ്ത്രം ധരിക്കുകയെന്നതാണ് പ്രധാനമെന്നും പ്രതിപക്ഷ നേതാവ്

കോഴിക്കോട്: ഒരു വസ്ത്രവും ആരേയും അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. എന്ത് വസ്ത്രം ധരിക്കണം എന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്നും അതിന് ഇത്രയും വിവാദങ്ങളുടെ ആവശ്യമില്ലെന്നും വി. ഡി. സതീശന്‍ കോഴിക്കോട് പറഞ്ഞു. ജെന്റര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ മുസ്‌ലിം ലീഗ് നേതാവ് എം. കെ. മുനീര്‍ എംഎല്‍എ രണ്ട് തവണ നടത്തിയ പരാമര്‍ശത്തിലും കൃത്യമായ വ്യക്തത വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ധരിക്കണം എന്നു പറഞ്ഞിട്ട് അടിച്ചേല്‍പ്പിക്കേണ്ട കാര്യം എന്താണ്, വസ്ത്ര സ്വാതന്ത്ര്യമാണ് പ്രധാനം, യൂണിഫോം ഒരു പാറ്റേണ്‍ ആണ്, അത് സൗകര്യപ്രദമായി വിദ്യാര്‍ത്ഥികള്‍ തയ്ക്കട്ടെ, ചുരിദാര്‍ വേണ്ടവര്‍ അത്, പാന്റും ഷര്‍ട്ടും വേണ്ടവര്‍ അത്, വസ്ത്രം അടിച്ചേല്‍പ്പിക്കുന്നത് ജെന്റര്‍ ന്യൂട്രാലിറ്റി അല്ല', വി. ഡി. സതീശന്‍ പറഞ്ഞു.
ലിംഗ നീതിക്ക് വേണ്ടി പെണ്‍കുട്ടികളെ സഹായിക്കുമ്പോള്‍ അവരുടെ സൗകര്യാര്‍ത്ഥം വസ്ത്രം ധരിക്കുകയെന്നതാണ് പ്രധാനമെന്നും സര്‍ക്കാര്‍ അതിനനുസരിച്ച് നടപ്പിലാക്കിയാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടി ചേർത്തു. ലിംഗ നീതിയെക്കുറിച്ചുള്ള ചര്‍ച്ച യൂണിഫോമില്‍ മാത്രമായി ഒതുക്കരുതെന്നും ഇതിലൂടെ നീതി നിഷേധമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.