ദീപക്കിൻ്റെ തിരോധാനം; മുഖ്യമന്ത്രി ഇടപെടണം: മുസ്‌ലിം ലീഗ്
അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്നും ആവശ്യം

മേപ്പയ്യൂർ: കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിൻ്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം പ്രഹസനമാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ദീപക്കിനെ കണ്ടെത്താനുള്ള അന്വേഷണത്തിന് പുതിയ ഏജൻസിയെ ചുമതലപ്പെടുത്താൻ മുഖ്യമന്ത്രി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന് മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും പകരം ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്പിക്കാൻ തയ്യാറാവണമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി. എ. അസീസ്, മണ്ഡലം ജനറൽ സെക്രട്ടറി ടി. കെ. എ. ലത്തീഫ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം. കെ. അബ്ദുറഹിമാൻ, ജനറൽ സെകട്ടറി എം. എം. അഷറഫ്, ട്രഷറർ അൻവർ കുന്നങ്ങാത്ത്, സെക്രടറി ഇസ്മായി കീഴ്പോട്ട്, മുജീബ് കോമത്ത്, ഇബ്രാഹിം വടക്കുമ്പാട്ട്, പി. അസ്സയിനാർ എന്നിവർ പങ്കെടുത്തു.