നടുവണ്ണൂർ അലേമ്പ്ര താഴെ റോഡിലെ വെള്ളക്കെട്ടിൽ വാഴ നട്ടു പ്രതിഷേധിച്ചു
നടുവണ്ണൂർ മണ്ഡലം 11-ാം ബൂത്ത് മഹിളാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം
നടുവണ്ണൂർ: നടുവണ്ണൂർ മണ്ഡലം 11-ാം ബൂത്ത് മഹിളാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അലേമ്പ്ര താഴെ റോഡിലെ വെള്ളക്കെട്ടിൽ വാഴ നട്ട് പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ ദിവസേന ഒട്ടനവധി വാഹനങ്ങളും യാത്രക്കാരും കടന്നു പോവുന്ന വെങ്ങിലേരി താഴെ - തിയ്യക്കണ്ടി മുക്ക് റോഡിന്റെ ഇപ്പോഴത്തെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി പഞ്ചായത്ത് അധികാരികൾക്ക് ഒട്ടനവധി അപേക്ഷകളും നിവേദനങ്ങളും ഇതിനകം തന്നെ സമർപ്പിച്ചിരുന്നു. എന്നാൽ നാളിതുവരെ പ്രശ്നം പരിഹാരത്തിനായി യാതൊരു ശ്രമവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തതിനെ തുടർന്നാണ് പ്രതിഷേധ പരിപാടിയിലേക്ക് നീങ്ങിയത്.
വാർഡ് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് സീനത്ത്, മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷഹർബാനു, മഹിളാ കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് സൗമ്യ തുടങ്ങിയവർ നേതൃത്വം നൽകി.