മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കും; ഡിവൈഎഫ്ഐ
ബ്ലോക്ക് കേന്ദ്രങ്ങളിലും വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്നും ജില്ലാ കമ്മിറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരത്ത് ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റി. സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ഇന്ന് എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്നും ജില്ലാകമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിനകത്ത് വെച്ച് രാജിആവശ്യപ്പെട്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്.
കറുപ്പും വെള്ളയും വസ്ത്രം ധരിച്ചെത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.