ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം
തൃപ്പൂണിത്തുറ നഗരസഭയിൽ ബിജെപി മുന്നേറ്റം

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിൽ എൽഡിഎഫിനു മുൻതൂക്കം. പുറത്തുവന്ന ഫലങ്ങളിൽ 23 ഇടത്ത് എൽഡിഎഫ് മുന്നേറിയപ്പോൾ 12 സീറ്റുകൾ യുഡിഎഫും 6 സീറ്റുകൾ ബിജെപിയും നേടി. കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ പതിനാലാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സീറ്റ് നിലനിർത്തി. കെ. സി. സോജിത്ത് 418 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
തൃപ്പൂണിത്തുറ നഗരസഭയിൽ എൽഡിഎഫിന് രണ്ട് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി. ഉപതിരഞ്ഞെടുപ്പ് നടന്ന ഇളമനത്തോപ്പിൽ, പിഷാരികോവിൽ എന്നീ വാർഡുകൾ എൽഡിഎഫിൽ നിന്നും ബിജെപി പിടിച്ചെടുത്തു. ഇതോടെ 25 സീറ്റുകൾ നേടി നഗരസഭാ ഭരണം നിലനിർത്തിയിരുന്ന എൽഡിഎഫ്ന് ഭരണത്തിനാവശ്യമായ ഭൂരിപക്ഷം നഷ്ടമായി. ഇവിടെ ബിജെപി 17 സീറ്റുകൾ നേടി.
കൊച്ചി കോർപറേഷനിലെ എറണാകുളം സൗത്ത് ബിജെപി നിലനിർത്തി. മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാർഡുകളിൽ രണ്ടെണ്ണം യുഡിഎഫ് നേടി. കണ്ണമംഗലം പഞ്ചായത്തിലെ വാളക്കുട, ആലംകോട് പഞ്ചായത്തിലെ ഉദിനുപറമ്പിൽ എന്നീ വാർഡുകൾ യുഡിഎഫ് സ്വന്തമാക്കിയപ്പോൾ എൽഡിഎഫിന് വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാട് വാർഡിൽ ഒതുങ്ങേണ്ടിവന്നു.
കണ്ണൂർ കക്കാട്, നെടുമ്പാശ്ശേരി അത്താണി ടൗൺ വാർഡുകൾ യുഡിഎഫ് നേടിയപ്പോൾ കൊല്ലം ശൂരനാട് വടക്ക്, ഇടുക്കി അയ്യപ്പൻ കോവിൽ നാലാം വാർഡ് ചെമ്പളത്ത് എന്നീ വാർഡുകൾ എൽഡിഎഫും നേടി.