കേന്ദ്ര ബജറ്റിനെതിരെ വടകരയിൽ ഡിവൈഎഫ്ഐ പ്രതിഷേധം
യുവതയുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്നം ഇല്ലാതാക്കുന്നതാണ് കേന്ദ്ര സർക്കാർ ബജറ്റെന്ന് ഡിവൈഎഫ്ഐ

വടകര: കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ ബജറ്റിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ. പി. ശ്രീജിത്ത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ യുവതയുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്നം ഇല്ലാതാക്കുന്നതാണ് കേന്ദ്ര സർക്കാർ ബജറ്റെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. കോവിഡ് മഹാനാരുക്കാലത്ത് കോടിക്കണക്കിന് ജനങ്ങൾ തൊഴിൽ നഷ്ടപ്പെട്ട് ദാരിദ്ര്യത്തിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി. കൂടാതെ രാജ്യം ലോക പട്ടിണി സൂചികയിൽ അവസാന സ്ഥാനങ്ങളിലേക്ക് പിൻതള്ളപ്പെടുകയും ചെയ്തു. ബിജെപി ഗവണ്മെന്റ് തീവ്രസ്വകാര്യവൽക്കരണ നയങ്ങളുമായി കൂടുതൽ മുതലാളിത്ത സൗഹൃദപരമായ നിലപാടിലേക്ക് നീങ്ങുകയാണ്. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. കോർപ്പറേറ്റ് ഫണ്ടിങ്ങിന്റെ ഭൂരിഭാഗവും ലഭിക്കുന്ന ബിജെപിയുടെ പ്രത്യുപകാരം മാത്രമാണ് കേന്ദ്രബജറ്റിലൂടെ ദൃശ്യമാകുന്നതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട് വിജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ വികേഷ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി അരുൾ ഘോഷ് എന്നിവർ നേതൃത്വം നൽകി.