കോൺഗ്രസ് സി യു സിയുടെ നേതൃത്വത്തിൽ കാവുന്തറയിൽ സ്നേഹഭവനമൊരുങ്ങുന്നു
വീടിൻ്റെ കട്ടിലവെക്കൽ കർമം ഡി സി സി പ്രസിഡണ്ട് നിർവഹിച്ചു

നടുവണ്ണൂർ: സാമൂഹിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന കാവിൽ പള്ളിയത്തു കുനി എളമ്പിലാശ്ശേരി താഴെ കുനിയിൽ സത്യനാഥൻ്റെ കുടുംബത്തിനായി നിർമിക്കുന്ന വീടിൻ്റെ കട്ടിലവെക്കൽ കർമം ഡി സി സി പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ നിർവ്വഹിച്ചു. അകാലത്തിൽ നിര്യാതനായ സത്യൻ്റെ കുടുംബത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാവിൽ സി യു സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്നേഹഭവനം നിർമിച്ചു നൽകുന്നത്.
ജില്ലയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾക്ക് കീഴിൽ രൂപീകരിച്ച സി യു സികൾക്കെല്ലാം മാതൃകയായ പ്രവർത്തനമാണ് കാവിൽ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ നടത്തുന്നതെന്നും സി യു സികളുടെ നേതൃത്വത്തിൽ നിർമിക്കുന്ന ജില്ലയിലെ ആദ്യ ഭവനമാണ് സത്യൻ്റെതെന്നും ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ പറഞ്ഞു. നാട്ടുകാരുടെയും പ്രവാസികളുടെയും സഹായത്തോടെയാണ് വീട് നിർമാണം.
കാവിൽ പി. മാധവൻ, എ. പി. ഷാജി, എം. സത്യനാഥൻ, ബിജു കാവിൽ, സത്യൻ കുളിയാപ്പൊയിൽ, സി. കെ. പ്രദീപൻ, ഹരികൃഷ്ണൻ നമ്പ്രത്ത്, ചന്ദ്രൻ കോതേരി, ചാലിൽ മൊയ്തി,എ. കെ. അഷറഫ്, രാഹുൽ കോതേരി എന്നിവർ പങ്കെടുത്തു.