സേവാ ഭാരതി പരിപാടിയില്‍ പങ്കെടുത്ത മുസ്ലിംലീഗ് നേതാവിനെ മാറ്റി
സേവാ ഭാരതിയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത മുസ്ലിംലീഗ് ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് പാറയ്ക്കൽ അബുഹാജിയെയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്
ഉള്ള്യേരി: സേവാ ഭാരതിയുടെ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനെ സ്ഥാനത്ത് നിന്ന് മാറ്റി. ആർ.എസ്.എസ്. നിയന്ത്രണത്തിലുള്ള സേവാ ഭാരതിയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത മുസ്ലിംലീഗ് ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് പാറയ്ക്കൽ അബുഹാജിയെയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്.
ഉള്ള്യേരി 19 ൽ തുടങ്ങിയ സേവാഭാരതി കാര്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റും ലീഗിന്റെ വാർഡ് മെമ്പറും പങ്കെടുത്തത് വിവാദമായിരുന്നു. ഇവർ ചടങ്ങില്‍ പങ്കെടുത്തതിനെച്ചൊല്ലി അണികൾക്കിടയിലും ശാഖാ കമ്മിറ്റികളിലും വലിയ പ്രതിഷേധം ഉയർന്നു.
കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആർഎസ്എസ് പ്രാന്തീയ കാര്യകാരി അംഗം പി. ഗോപാലൻകുട്ടി എന്നിവർക്കൊപ്പമാണ് അബുഹാജി വേദിപങ്കിട്ടത്. സംഭവം വിവാദമായ സാഹചര്യത്തിൽ പഞ്ചായത്ത് കമ്മിറ്റി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലിംലീഗ് ബാലുശേരി നിയോജകമണ്ഡലം കമ്മിറ്റി വിളിച്ചുചേർത്ത യോഗത്തിലാണ് പ്രസിഡന്റിനെ മാറ്റാൻ തീരുമാനിച്ചത്. പരാതി അന്വേഷിക്കുന്നതിന് മണ്ഡലം ഭാരവാഹികളായ എം കെ പരീത്, സലാം കായണ്ണ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.