കാത്തിരിപ്പിനൊടുവിൽ ഡി എൻ എ ഫലം ലഭിച്ചു. ജോയലിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തും.
നീണ്ട 65 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് മൃതദേഹം നാട്ടിലെത്തുന്നത്
ചക്കിട്ടപാറ: കഴിഞ്ഞ ഓഗസ്‌റ്റ് 9 ന് സൗദി അൽബാഹായിലെ അൽഗറായിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി പുരയിടത്തിൽ തോമസിന്റെയും മോളിയുടെയും മകൻ ജോയൽ തോമസിന്റെ (28) മൃതദേഹം നാളെ (ഞായർ) പുലർച്ചെ വീട്ടിലെത്തിക്കും. ശനിയാഴ്ച രാത്രി പത്തു മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിൽ എത്തും. ഞായറാഴ്ച കാലത്ത് 11.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സിമിത്തേരിയിൽ സംസ്കരിക്കും.
നീണ്ട 65 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് മൃതദേഹം നാട്ടിലെത്തുന്നത്. മറ്റു മൂന്നു പേരോടൊപ്പം സഞ്ചരിക്കവെയാണ് വാഹനം അപകടത്തിൽ പെട്ട് തിരിച്ചറിയാനാവാത്ത വിധം കത്തിയത്. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഇതിന്റെ നടപടികൾ പൂർത്തിയാകാൻ കാലതാമസമുണ്ടായി. വിദേശത്തുള്ള ബന്ധുക്കളും സന്നദ്ധ സംഘടനകളും സഹായിയായി ഒപ്പമുണ്ടായിരുന്നു.