തെന്നിന്ത്യൻ ചലച്ചിത്ര നടൻ കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അന്തരിച്ചു
ഏറെ നാളായി അസുഖ ബാധിതനായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.
തിരുവനന്തപുരം: തെന്നിന്ത്യൻ ചലച്ചിത്ര നടൻ കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. സിബിമലയിൽ സംവിധാനം ചെയ്ത മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കിരീടം എന്ന സിനിമയിലെ ‘കീരിക്കാടൻ ജോസ്’ എന്ന വില്ലൻ കഥാപാത്രത്തിന്റെ പേരിലായിരുന്നു മോഹൻരാജ് മൂന്ന് പതിറ്റാണ്ട് കാലം മലയാള സിനിമയിൽ അറിയപ്പെട്ടിരുന്നത്.
1988 ൽ മൂന്നാംമുറ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മോഹൻ രാജ് കിരിടം, അർത്ഥം, ഏയ് ഓട്ടോ, ആനവാൽ മോതിരം, ചെപ്പു കിലുക്കണ ചങ്ങാതി, ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു. 2022 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ റോഷാക്കാണ് അവസാന മലയാള ചിത്രം.
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണു കിരീടത്തിൽ അഭിനയിക്കുന്നത്. ചിത്രം വൻ ഹിറ്റായതോടെ മോഹൻരാജ് മലയാളത്തിലെ വില്ലൻമാരിൽ മുൻനിരയിലെത്തി. തെലുങ്കിലും തമിഴിലും രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം