ഗിരീഷ് പുത്തഞ്ചേരി പ്രഥമ “സൂര്യകിരീടം” അവാർഡ് മനു മഞ്ജിത്തിന്
ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ഫിബ്രവരി 10ന് നടക്കും.

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ഫിബ്രവരി 10ന് നടക്കും. ഈ വർഷം മുതൽ വിതരണം ചെയ്യുന്ന പ്രഥമ ഗിരീഷ് പുത്തഞ്ചേരി സൂര്യകിരീടം അവാർഡ് മികച്ച യുവ സിനിമാഗാന രചയിതാവായ മനു മഞ്ജിത്തിനെ തിരഞ്ഞെടുത്തതായും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ പറഞ്ഞു. സുനിൽ കൊളക്കാട്, അജീഷ് അത്തോളി, സബിത സി.കെ. എന്നിവരാണ് ജൂറി അംഗങ്ങൾ.
ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഫിബ്രവരി 10ന് വൈകീട്ട് 6 മണിയ്ക്ക് കൂമുള്ളി വായനശാലയ്ക്ക് സമീപത്ത് നടക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ സദസിൽ വെച്ച് സിനിമാ സംവിധായകൻ വി.എം.വിനു സമ്മാനിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അദ്ധ്യക്ഷത വഹിക്കും.
ചടങ്ങിൽ അത്തോളി പഞ്ചായത്തിലെ കലാ സാംസ്ക്കാരിക രംഗത്തും മറ്റ് മേഖലകളിലും മികവ് തെളിയിച്ച ലീലാവതി ടീച്ചർ (തകഴി ബാലസാഹിത്യ അവാർഡ് ജേതാവ്), വിനോദ് അത്തോളി (അന്തർ ദേശീയ ഫോട്ടോഗ്രാഫി അവാർഡ് ജേതാവ്), കബനി (സിനിമാ നടി), സി.റിയോന, അശ്വിനി അജീഷ് (സ്കൂൾ കലോത്സവത്തിൽ നാടകത്തിനുള്ള സംസ്ഥാന അവാർഡ് ജേതാക്കൾ) എന്നിവരെ അനുമോദിക്കും. ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് വിവിധ കലാപരിപാടികളും രാത്രി 8 മണിയ്ക്ക് മെഗാ കരോക്കേ ഗാനമേളയും നടക്കും.