പാലിയേറ്റീവ് കെയർ ദിനത്തിൽ പ്രിയതമയുടെ ഓർമ്മയ്ക്കായി കൈൻഡിന് ഹോം കെയർ വാഹനം നൽകി ഇ.എം. വത്സൻ
ഡോ. സന്ധ്യാ കുറുപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: അകാലത്തിൽ പൊലിഞ്ഞ പ്രിയതമ വി.വി. ബിന്ദുവിൻ്റെ ഓർമ്മയ്ക്കായി പാലിയേറ്റീവ് കെയർ ദിനത്തിൽ കീഴരിയൂരിലെ കൈൻഡ് പാലിയേറ്റീവ് കെയറിന് ഹോം കെയർ വാഹനം നൽകി ജയശ്രീ ഓയിൽ മിൽ ഉടമ ഇ.എം. വത്സൻ. പതിനഞ്ച് വർഷം ബിന്ദു ക്യാൻസർ രോഗ ബാധിതയായി കിടപ്പിലായപ്പോൾ കൃത്യമായ പരിചരണം നൽകി അവസാന ശ്വാസം വരെ കൂടെ നിന്ന വത്സൻ അവരുടെ രണ്ടാം ഓർമ ദിനത്തിലാണ് കൈൻഡിന് കൈത്താങ്ങായത്.
വീട്ടിൽ ഒരു വളൻ്റിയർ എന്ന കൈൻഡിൻ്റെ സ്വപ്നത്തിൻ്റെ പ്രതിരൂപമായി മാറുകയായിരുന്നു അദ്ദേഹം. പരിചരണ രംഗത്തെ ഈ അനുഭവ സമ്പത്തായിരിക്കും കീഴരിയൂരിലെ കിടപ്പു രോഗികളെ ചേർത്തു പിടിക്കാൻ കൈൻഡിന് ഒരു വാഹനം നൽകാൻ ബിന്ദുവിൻ്റെ ഭർത്താവിന് പ്രചോദനമായത്. കീഴരിയൂരിൻ്റെ സാന്ത്വന വഴികളിൽ അനശ്വര ഓർമ്മകളായി ഈ വാഹനം എന്നും ചലിച്ചു കൊണ്ടിരിക്കും.
നടുവത്തൂർ ശൈലജ ഭവനിൽ നടന്ന ചടങ്ങ് ഡോ. സന്ധ്യാ കുറുപ്പ് ഉദ്ഘാടനം ചെയ്തു. വാഹന സമർപ്പണം കുളങ്ങര പ്രഭാകരകുറുപ്പ് (കൈൻഡ് ചെയർമാൻ), കെ. അബ്ദുറഹ്മാൻ (കൈൻഡ് ജനറൽ സെക്രട്ടറി) എന്നിവർ ചേർന്ന് ഇ.എം. വത്സനിൽ നിന്ന് ഏറ്റുവാങ്ങി. ഇ.എം. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമല, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എം. രവീന്ദ്രൻ, കെ.പി. ഭാസ്കരൻ, ഇടത്തിൽ ശിവൻ, വി.കെ. യൂസഫ്, ശശി പാറോളി, ഇ.എം. വത്സൻ, വിശ്വൻ യു.കെ., അനീഷ്, പഞ്ചായത്ത് അംഗങ്ങളായ ഇ.എം. മനോജ്, കെ. ഗോപാലൻ, വ്യാപരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി.കെ. മനോജ്, കാട്ടുകണ്ടി കുഞ്ഞബ്ദുല്ല, വിജേഷ്, റഫീക്ക് പറമ്പിൽ, സി. രാഘവൻ എന്നിവർ പ്രസംഗിച്ചു.