ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പാക്കണം; കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം
കൊയിലാണ്ടി നഗരസഭ ഉപാദ്ധ്യക്ഷൻ അഡ്വ. കെ. സത്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: 70 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്കുള്ള ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിലും എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം പുനഃസ്ഥാപിക്കുക, വയോജന ക്ഷേമ പെൻഷൻ 5000 രൂപയായി ഉയർത്തുക, ക്ഷേമ പെൻഷൻ കുടിശികയില്ലാതെ ലഭ്യമാക്കുക തുടങ്ങി മറ്റാവശ്യങ്ങളും സമ്മേളനം മുന്നോട്ടു വെച്ചു.
കൊയിലാണ്ടി കൈരളി ഓഡിറ്റോറിൽ ആർ.പി. രവീന്ദ്രൻ നഗറിൽ നടന്ന ജില്ലാ സമ്മേളനം കൊയിലാണ്ടി നഗരസഭ ഉപാദ്ധ്യക്ഷൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 160 യൂണിറ്റുകളിൽ നിന്ന് 700 ഓളം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. ജില്ലാ പ്രസിഡൻ്റ് ഇ.കെ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിമാരായ ചാത്തു, സി. രാധാകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് കെ.വി. ബാലൻ കുറുപ്പ്, ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, വൈസ് പ്രസിഡൻ്റ് ഇ.സി. ബാലൻ, ജോ. സെക്രട്ടറി കെ.എം. ശ്രീധരൻ, കെ.പി. വിജയ, ഗിരിജാ ഭായ് എന്നിവർ സംസാരിച്ചു. മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ, മുൻ ജില്ലാ ജോ. സെക്രട്ടറി ഉണ്ണീരി കുട്ടി കുറുപ്പ്, കുഞ്ഞിച്ചെക്കിണി എന്നിവരെ മുതിർന്ന നേതാവ് എം.കെ. സത്യപാലൻ ആദരിച്ചു. തുടർന്ന് മുതിർന്ന അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.