സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ ജി.എച്ച്.എസ്.എസ് കോക്കല്ലൂരിന്റെ നാടകം 'ഏറ്റം' ശ്രെദ്ധേയമായി
കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ ' ഏറ്റം' എ ഗ്രേഡും മികച്ച നടന്‍ നേട്ടവും കരസ്ഥമാക്കി
കോക്കല്ലൂർ:സംസ്ഥാന സ്കൂള്‍ കലോത്സവം ഹയര്‍ സെക്കന്ററി നാടക മത്സരത്തില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചെത്തിയ കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ ' ഏറ്റം' എ ഗ്രേഡും മികച്ച നടന്‍ നേട്ടവും കരസ്ഥമാക്കി.നാടക രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് നിഖില്‍ ദാസ് ആണ്. സംസ്ഥാനത്തെ മികച്ച നടനായി 'ഏറ്റം' നാടകത്തില്‍ മാരിയുടെ വേഷം ചെയ്തിരിക്കുന്ന യദുകൃഷ്ണ റാം തെരഞ്ഞെടുക്കപ്പെട്ടു. മാവറിക്സ് ക്രിയേറ്റീവ് കലക്ടീവ് എന്ന നാടക കൂട്ടായ്മയുടെ പിന്തുണയോടെ ഒരുക്കിയ നാടകത്തില്‍ യദു കൃഷ്ണ റാം, പ്രാര്‍ത്ഥന എസ് കൃഷ്ണ, സി.റിയോന,ആര്‍. രുദാജിത്ത്, എല്‍.എസ്. സുമന, എ.എസ്.അശ്വിനി,വി.എസ് അനുദേവ്, പി.എസ് ശിവേന്ദു, നിയ രഞ്ജിത്ത്, പി. വി. അനുനന്ദ് രാജ് എന്നിവരാണ് അംഗങ്ങള്‍.
സംഗീതം നിജില്‍ദാസ്, ആര്‍ട്ട് അഖിലാഷ് പാലിയന്‍, സുമേഷ് മണിത്തറ, ശ്രീലേഷ് മണ്ണാംപൊയില്‍, ഫ്രാന്‍സിസ് ചിറയത്ത്.കോക്കല്ലൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ കുഞ്ഞുച്ചേട്ടന്റെ കുഞ്ഞ്, പുലി പറഞ്ഞ കഥ, തേന്‍, ഓട്ട, കക്കുകളി, സിംഗപ്പൂര്‍, കലാസമിതി, കുമരു എന്നീ എട്ട് നാടകങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടി ശ്രദ്ധേയമായവയാണ്.
ഒമ്പതാമത് നാടകമാണ് 'ഏറ്റം'. കാസര്‍ഗോഡ് സംസ്ഥാന കലോത്സവത്തില്‍ കോക്കല്ലൂരിന്റെ 'സിംഗപ്പൂര്‍' എന്ന നാടകത്തില്‍ ബി.എസ്.അദ്വൈത് മികച്ച നടനായിരുന്നു. കൊല്ലത്ത് 'കുമരു'വിലും തിരുവനന്തപുരത്ത് 'ഏറ്റ'ത്തിലും യദുകൃഷ്ണ റാം തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളില്‍ മികച്ച നടനായി ചരിത്രനേട്ടം കരസ്ഥമാക്കി.