ചക്കിട്ടപാറ കർഷക ഗ്രാമസഭയിൽ ചങ്ങല ബന്ധിച്ച് പ്രതിഷേധം നടത്തി കർഷകൻ
വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കർഷകരും ആദിവാസികളും അടക്കമുള്ളവർ ജീവൻ വെടിയുന്നതിനെതിരെ പ്രതിഷേധിച്ചാണ് സമരം
![ചക്കിട്ടപാറ കർഷക ഗ്രാമസഭയിൽ ചങ്ങല ബന്ധിച്ച് പ്രതിഷേധം നടത്തി കർഷകൻ ചക്കിട്ടപാറ കർഷക ഗ്രാമസഭയിൽ ചങ്ങല ബന്ധിച്ച് പ്രതിഷേധം നടത്തി കർഷകൻ](imglocation/upload/images/2025/Jan/2025-01-07/1736246520.webp)
പേരാമ്പ്ര: മലയോര കർഷകർ നേരിടുന്ന വന്യമൃഗ ആക്രമണം അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കർഷക ഗ്രാമസഭ ചേരുമ്പോൾ ഗേറ്റിനു പുറത്ത് പ്രതീകാത്മകമായ സമരം അരങ്ങേറി. കേരളത്തിൽ കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കർഷകരും ആദിവാസികളും അടക്കമുള്ളവർ ദിവസവും ജീവൻ വെടിയുന്ന നിസഹായാവസ്ഥയാണ്.
സ്വയം ചങ്ങല തീർത്ത് കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് കാർഷിക വികസന സമിതി അംഗവും കേരള കോൺഗ്രസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ രാജൻ വർക്കിയാണ് പ്രതീകാത്മകമായി പ്രതിഷേധിച്ചത്. വന്യമൃഗ ആക്രമണത്തിൽ പ്രതികരിക്കുന്ന എം.എൽ.എമാർ അടക്കമുള്ളവരെ തുറുങ്കിലടക്കുന്ന വനം വകുപ്പിന്റെ നിലപാടിലുള്ള പ്രതിഷേധവും പ്രകടിപ്പിച്ചു. കർഷക ഗ്രാമസഭകൾ ജനങ്ങളെ പറ്റിച്ച് ചിലർക്ക് സർക്കാർ ഫണ്ട് അടിച്ചു മാറ്റാനുള്ള പ്രഹസന പരിപാടി ആണെന്നും രാജൻ വർക്കി ആരോപിച്ചു.