മാരാമുറ്റം പൈതൃക തെരുവ് ഇനി വിസ്മയം തീർക്കും ;ആഴ്ച ചന്തയും, സായാഹ്ന പാർക്കും
നവീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു.
കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ മാരാമുറ്റം പൈതൃക തെരുവ് നവീകരണ പ്രവർത്തി ആരംഭിച്ചു. റോഡരികിലെ തണല്‍ വൃക്ഷങ്ങള്‍ തറകെട്ടി സംരക്ഷിച്ചും, റോഡിന്റെ ഇരുവശവും ടൈലുകള്‍ പാകിയും, ഇരിപ്പിടങ്ങള്‍ ഒരുക്കിയും, വഴിവിളക്കുകള്‍ സ്ഥാപിച്ചും ഒരു സായാഹ്ന പാർക്കും ആഴ്ച ചന്തയും ഒരുക്കാവുന്ന തരത്തിലാണ് നവീകരണം നടത്തുന്നത്.
നവീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. എ. ഇന്ദിര, സി. പ്രജില, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, എ. ലളിത. വി.പി. ഇബ്രാഹിം കുട്ടി, മിഡ് ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. കെ.ടി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇ കെ. അജിത്ത് സ്വാഗതവും നഗരസഭ അസി. എൻജിനിയർ കെ. ശിവപ്രസാദ് നന്ദിയും പറഞ്ഞു.
പൈതൃക റോഡിന്റെ പ്രൗഢിയും പെരുമയും നിലനിര്‍ത്തി കൊണ്ടാണ് നവീകരണം. സഞ്ചാരി കളുടെ യാത്രാവിവരണങ്ങളിലും, കൊയിലാണ്ടിയുടെ കഥാകാരന്‍ യു.എ.ഖാദറിന്റെ കഥകളിലും പലതവണ ഇടം നേടിയ മാരാമുറ്റം തെരു റോഡ് നവീകരണം കൊയിലാണ്ടിക്കാരുടെ ദീര്‍ഘ കാലത്തെ ആവശ്യമായിരുന്നു. പഴയകാല ചന്തയുടെ ഓർമ്മകൾ നിലനിർത്തുന്നതിനായി സായാഹ്ന വിപണന കേന്ദ്രമാരംഭിച്ച് തെരുവിന്റെ ചരിത്ര സ്മരണ നിലനിര്‍ത്താനുള്ള തയ്യാറെടുപ്പും ഇതിൻ്റെ ഭാഗമായി നടക്കും. മുന്‍സിപാലിറ്റി ഫണ്ടിനോടൊപ്പം സന്നദ്ധരായവരുടെ സ്‌പോണ്‍സര്‍ഷിപ്പും ചേര്‍ത്താണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തുന്നത്.