വന്യജീവി വാരാഘോഷം വിവിധ പരിപാടികളോടെ നടന്നു
ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം മേധാവി. ആർ. കീർത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ: സംസ്ഥാന വനം വന്യജീവി വകുപ്പ് ഒക്ടോബർ രണ്ടു മുതൽ എട്ടുവരെ വന്യ ജീവി വാരാഘോഷമായി വിവിധ പരിപാടികൾ സംസ്ഥാനത്തു നടത്തി. പൊതുജനങ്ങളിൽ വന്യജീവികളുടെ പ്രാധാന്യവും സംരക്ഷണവും ബോധവത്കരിക്കുകയാണ് ഇതിലൂടെ സാധ്യമാക്കുന്നത്. കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗം സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഇതിന്റഭാഗമായി വാകയാട് നടുവണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്ന ഫോറെസ്ട്രി ക്ലബ്ബും കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗവും സംയുക്തമായി വിവിധ പരിപാടികൾ നടത്തി.
ഒക്ടോബർ ഏഴ് തിങ്കളാഴ്ച വാകയാട് സ്കൂളിൽ സൈകിൾ റാലിയും വൈകിട്ട് നാലുമണിക്ക് നടുവണ്ണൂർ ടൗണിൽ സന്ദേശയാത്ര, ഫ്ലാഷ് മോബ്, പരിസ്ഥിതി ഗാനം തുടങ്ങിയവ നടത്തി. തുടർന്ന് നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദാമോദരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം മേധാവി. ആർ. കീർത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി സി സുരേന്ദ്രൻ , മക്കാട്ട് സജീവൻ, അസിസ്റ്റന്റ് ഫോറെസ്റ്റ് കാൻസർവേറ്റർ സത്യപ്രഭ, സോഷ്യൽ ഫോറെസ്ട്രി കൊയിലാണ്ടി റേഞ്ച് ഓഫീസർ എം പി സജീവ്,പ്രിൻസിപ്പാൾ ഡോ. ആബിദ പുതുശ്ശേരി, സ്കൂൾ മാനേജർ ഒ എം കൃഷ്ണകുമാർ, പി ടി എ പ്രസിഡന്റ് പി കെ പ്രദീപൻ, ഷംന, നിസാർ ചേലേരി, ടി ആർ ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു .