പിറന്നാൾ ദിനത്തിൽ ഉള്ളിയേരി ബസ്സ് സ്റ്റാൻഡിലെ പൂന്തോട്ടത്തിലെക്ക് ചെടി ചട്ടിയുമായി കുഞ്ഞു ബിലാൽ
വ്യവസായി ഏകോപന സമിതി ആരംഭിച്ച ചലഞ്ചിൻ്റെ ഉദ്ഘാടന വേളയിലാണ് മുഹമ്മദ് ബിലാൽ ചെടിയുമായി എത്തിയത്
ഉള്ളിയേരി: പിറന്നാൾ ദിനത്തിൽ ഉള്ളിയേരി ബസ്സ് സ്റ്റാൻഡിലെ പൂന്തോട്ടത്തിലെക്ക് ചെടി ചട്ടിയുമായി കുഞ്ഞു ബിലാൽ. ഗ്രാമ പഞ്ചായത്തിൻ്റെയും വ്യാപാരികളുടെയും നേതൃത്വത്തിൽ ആരംഭിച്ച കൊച്ചു പൂന്തോട്ടത്തിലേക്ക് വേണ്ട ചെടിയും ചട്ടിയും സ്പോൺസർ ചെയ്യാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ആരംഭിച്ച ചലഞ്ചിൻ്റെ ഉദ്ഘാടന വേളയിലാണ് മുഹമ്മദ് ബിലാൽ ചെടിയുമായി എത്തിയത്.
വ്യാപാരികളുടെ മക്കളുടെയും കുടുബാഗങ്ങളുടെയും ആഘോഷ വേളയിൽ ഒരു ചെടിയും ചട്ടിയും പൂന്തോട്ടത്തിലേക്ക് സംഭാവന ചെയ്യാനാണ് തീരുമാനം. ഇതിൻ്റെ ഭാഗമായി നടന്ന ആദ്യ പരിപാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് കെ.എം. ബാബു, ചെടിയും ചട്ടിയും മുഹമ്മദ് ബിലാനിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ റസിഡൻസ് അസോസിയേഷൻ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീധരൻ പാലയാട്, പബ്ലിക് ലൈബ്രറി കമ്മിറ്റി അംഗം മേലേടത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.എസ്. സുമേഷ് സ്വാഗതവും ടി.പി. മജീദ് നന്ദിയും പറഞ്ഞു.
മാലിന്യങ്ങൾ നിറഞ്ഞ ബസ് സ്റ്റാൻഡ് പരിസരത്ത് പൂന്തോട്ടം വന്നതോടെ മാലിന്യങ്ങൾ വലിച്ചെറിയുന്നത്തിൽ കുറവ് വന്നിട്ടുണ്ട്. ഈ പൂന്തോട്ടം നിലനിർത്താനും വിപുലീകരിക്കാനും മുഴുവൻ ബഹുജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്ന് പ്രസിഡൻ്റ് ആവശ്യപ്പെട്ടു.