ചേമഞ്ചേരിയിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ബഹുജന കൺവൻഷൻ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി: ചേമഞ്ചേരിയിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൻ എച്ച് 66ന്റെ നിർമാണം ചേമഞ്ചേരിയിലെ വെററിലപ്പാറ ഭാഗത്ത് ജനജീവിതം ദുസ്സഹമാക്കിയിരിക്കയാണ്. എൻഎച്ച്ന്റെ ഇരുവശത്തുമുള്ള വർക്ക് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമെ അന്യോന്യം ബന്ധപ്പെടാൻ കഴിയൂ. എൻഎച്ച്ൽ നിന്ന് മൂന്ന് കിലോമീറ്റർ കിഴക്കുള്ള കൊളക്കാട് ഭാഗത്തെ ജനങ്ങൾ വെറ്റിലപ്പാറയിൽ നിന്നാണ് കോഴിക്കോട് ഭാഗത്തേക്കും കൊയിലാണ്ടി ഭാഗത്തേക്കും യാത്ര ചെയ്യുന്നത്.
എൻഎച്ച്ന് അപ്പുറവും ഇപ്പുറവും കടക്കാൻ കഴിയാതെ ഈ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ഒരു അണ്ടർ പാസ്, ഈ ഭാഗത്ത് അനിവാര്യമാണ്.ഡ്രെയ്നേജ് വഴി കിലോമീറ്ററുകളോളം ഒഴുകി വരുന്ന മലിന ജലം ജനവാസമേഖല യിലേക്കാണ് തുറന്നു വിടുന്നത്. ഇത് കാരണം 70 ഓളം വീടുകളിൽ ഈ മഴക്കാലത്ത് വെള്ളം കയറുകയുണ്ടായി. കിണറിൽ മലിന ജലം ഇറങ്ങി ഉപയോഗശൂന്യമായി. യാതൊരു പരിഹാരവും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഇങ്ങിനെ വരുന്ന മലിന ജലം ഡ്രൈനേജ് നിർമിച്ച് പ്രകൃതിദത്തമായ തോടിലേക്ക് ഒഴുക്കിവിടണം. സർവീസ് റോഡിന് ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാനുള്ള വീതിയേ ഉള്ളു.
അക്വയർ ചെയ്ത സ്ഥലം പൂർണമായും ഉപയോഗപ്പെടുത്താ ത്തതാണ് ഇതിന് കാരണം. ഇതാകട്ടെ കുണ്ടും കുഴിയും നിറഞ്ഞ് ഏത് സമയവും വാഹന കുരുക്കിലുമാണ്. അണ്ടർപാസ് നിർമിച്ച് പ്രദേശവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണം. ഡ്രെയ്നേജിന്റെ പല ഭാഗങ്ങളും മുകളിൽ മൂടാത്തതിനാൽ അപകടങ്ങൾ നിത്യ സംഭവമാണ്. ഇങ്ങിനെയുള്ള പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് അധികൃതരെ പല തവണ ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല.
ഈ സ്ഥിതിയിൽ ബഹുജനങ്ങളുടെ ഒരു പ്രതിഷേധ കൂട്ടായ്മ വെററിലപ്പാറയിൽ സംഘടിപ്പിച്ചിരിക്കയാണ്. ആ കൂട്ടായ്മയിൽ വെച്ച് വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി ചെയർമാനും, അശോകൻ കോട്ട് കൺവീനറു മായി ഒരു സമരസമിതിക്ക് രൂപം നൽകിയിരിക്കയാണ്. ബഹുജന കൺവൻഷൻ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷയായി. സമരസമിതി കൺവീനർ അശോകൻ കോട്ട് സമരപരിപാടികൾ വിശദീകരിച്ചു.
ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ഷീബ ശ്രീധരൻ, ചേമഞ്ചേരി ഗ്രാമപഞ്ചാത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വി കെ അബ്ദുൾ ഹാരിസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുധ തടവൻ കയ്യിൽ, സി ലതിക വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം നൗഫൽ, ഷബീർ എളവനക്കണ്ടി, എ കെ സുനിൽ കുമാർ എന്നിവർ കൺവൻഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പി കെ ഉണ്ണികൃഷ്ണൻ ഭാരവാഹി പട്ടിക അവതരിപ്പിച്ചു. വാർഡ് മെമ്പറും സമരസമിതി ചെയർമാനുമായ വിജയൻ കണ്ണഞ്ചേരി സ്വാഗതവും ബിനീഷ് ബിജലി നന്ദിയും പറഞ്ഞു.