headerlogo
local

അടിപ്പാത ലഭിക്കാൻ മരണം വരെ പോരാട്ടം; തിക്കോടിക്ക് ഇത് കറുത്ത ഓണം

തിരുവോണ നാളിൽ പട്ടിണി സമരം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു

 അടിപ്പാത ലഭിക്കാൻ മരണം വരെ പോരാട്ടം; തിക്കോടിക്ക് ഇത് കറുത്ത ഓണം
avatar image

NDR News

16 Sep 2024 12:19 PM

തിക്കോടി: തിക്കോടിയിൽ ദേശീയപാത അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തുന്ന സമരം കൂടുതൽ ശക്തി പ്രാപിക്കുന്നു. റെയിൽവേ സ്റ്റേഷൻ, ജില്ലാ മണ്ണ് പരിശോധന ലബോറട്ടറി, ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസ്, കോടിക്കൽ ഫിഷ് ലാൻഡിങ് സെൻ്റർ, എഫ്.സി.ഐ. ഗോഡൗൺ, പാലൂർ എൽ.പി. സ്കൂൾ, കോടിക്കൽ യു.പി. സ്കൂൾ എന്നിവ റോഡിൻറെ പടിഞ്ഞാറുഭാഗത്തും, ഗ്രാമപഞ്ചായത്ത് ഓഫീസ്, സി.കെ.ജി. മെമ്മോറിയൽ ഹൈസ്കൂൾ, തിക്കോടി യൻ സ്മാരക ഗവൺമെൻ്റ് വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂൾ, ഗവൺമെൻറ് ആശുപത്രി, വിവിധ ബാങ്കുകൾ, ആരാധനാലയങ്ങൾ എന്നിവ റോഡിൻ്റെ കിഴക്കുഭാഗത്തും സ്ഥിതി ചെയ്യുന്ന നിലവിലെ അവസ്ഥയിൽ, റോഡ് മുറിച്ചു കടക്കാൻ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ രണ്ടു വർഷമായി സമരം നടത്തിക്കൊണ്ടിരിക്കുകയാണ്.

     എം.പി., എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്കും എൻ.എച്ച്. അധികൃതർക്കും പലതവണ നിവേദനം കൊടുത്തിട്ടും ഫലം കാണാത്ത സാഹചര്യത്തിൽ, കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കർമ്മസമിതി ഭാരവാഹികൾ അറിയിച്ചു. തിരുവോണ നാളിൽ രാവിലെ മുതൽ വൈകുന്നേരം വരെ നടന്ന പട്ടിണി സമരത്തിൽ 250 പേർ പങ്കെടുത്തു. കാനത്തിൽ ജമീല എം.എൽ.എ. സമര പരിപാടി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികൃതരുടെ നടപടികൾ അവസാനിപ്പിച്ച് അടിപ്പാത അടിയന്തരമായി അനുവദിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

     ചെയർമാൻ വി.കെ. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടി അഫ്ര ഫാത്തിമ എം.എൽ.എയ്ക്ക് നിവേദനം നൽകി. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ. വിശ്വൻ, കെ.പി. ഷക്കീല, മെമ്പർമാരായ എൻ.എം.ടി. അബ്ദുല്ല കുട്ടി, ബിനു കരോളി, ബ്ലോക്ക് മെമ്പർ പി.വി. റംല, മൂടാടി പഞ്ചായത്ത് മെമ്പർ ഹുസ്ന എന്നിവർ ആശംസകൾ അർപ്പിച്ചു.

      സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി, വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരായ ഡി. ദീപ, ജയചന്ദ്രൻ തെക്കെ കുറ്റി, സി. ഹനീഫ, ബിജു കളത്തിൽ, സഹദ് പുറക്കാട്, പി.കെ. ശശി, ടി.പി. പുരുഷോത്തമൻ, കെ.കെ. ചന്ദ്രൻ, കെ.കെ. ഹംസ കുന്നുമ്മൽ, ഭാസ്കരൻ തിക്കോടി, എൻ.പി. മുഹമ്മദ് ഹാജി, നദീർ തിക്കോടി, പി.ടി. സുബൈർ, കാട്ടിൽ മുഹമ്മദലി, ടി.കെ. അബ്ദുറഹിമാൻ, രാമദാസൻ കീഴരീക്കര വിദ്യാർത്ഥി പ്രതിനിധികളായ നാദിർ പള്ളിക്കര, ദിൽജിത്ത് സി.കെ. എന്നിവർ സംസാരിച്ചു. പ്രശസ്ത എഴുത്തുകാരൻ ചന്ദ്രശേഖരൻ തിക്കോടി വി.കെ. അബ്ദുൽ മജീദിന് നാരങ്ങാ നീര് നൽകി നിരാഹാര സമരം അവസാനിപ്പിച്ചു.

NDR News
16 Sep 2024 12:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents