നാഷണൽ ഹൈവേ വികസന സാധനങ്ങൾ സ്വകാര്യ വ്യക്തിക്ക് കൈമാറി; പയ്യോളി നഗരസഭയും സിപിഎമ്മും കുത്തിയിരിപ്പ് സമരത്തിൽ
സ്വകാര്യ വ്യക്തിയുടെ കെട്ടിട നിർമ്മാണത്തിനായി എത്തിയ കോൺക്രീറ്റ് മിശ്രിതം സംഘം തടഞ്ഞു
പയ്യോളി: നാഷണൽ ഹൈവേ വികസനത്തിന് നീക്കിവെച്ച സാധനങ്ങൾ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്തിൽ പ്രതിഷേധിച്ച് പയ്യോളി നഗരസഭയും ,സിപിഎം ഏരിയ കമ്മിറ്റിയും കുത്തിയിരിപ്പ് സമരവുമായി രംഗത്തെത്തി. സ്വകാര്യ വ്യക്തിയുടെ കെട്ടിട നിർമ്മാണത്തിനായി എത്തിയ കോൺക്രീറ്റ് മിശ്രിതം സംഘം തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എൻഎച്ച് അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ഉറപ്പു തന്നാൽ മാത്രമേ സമരം പിൻവലിക്കുകയുള്ളൂ എന്നും പറഞ്ഞു. ദേശീയ പാത നിർമ്മാണം പൂർത്തിയാവുന്നത് വരെ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് വാക്ക് തരണമെന്നും അവർ സൂചിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നേതാക്കൾ എത്തിയത്.പയ്യോളി ടൗണിന് സമീപമുള്ള കണ്ണങ്കണ്ടി പള്ളിക്കരികെ നിർമ്മാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടിടത്തിലേക്കാണ് വഗാഡ് കമ്പനിയുടെ റെഡിമിക്സ് കോൺക്രീറ്റ് ലോറികൾ എത്തിയത്. എത്തിച്ചേർന്ന ആറു ലോറികളിൽ പകുതിയോളം നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തി കഴിഞ്ഞിരുന്നു.കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ ബിജെപി പ്രവർത്തകരും രംഗത്തെത്തി. കയറ്റി വന്ന ലോറികൾ തടയുകയും ചെയ്തു.
നഗരസഭ ഉപാധ്യക്ഷ പത്മശ്രീ പള്ളിവളപ്പിൽ, സ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസൻ ,കൗൺസിലർ സി കെ ഷഹനാസ്, ടി ചന്തു മാസ്റ്റർ, എ. പി റസാഖ് തുടങ്ങിയവരും കുത്തിയിരിപ്പ് സമരത്തിൽ ഒത്തുചേർന്നു.