headerlogo
local

ഡോ ഹുസൈൻ മടവൂർ ഖത്വീബ് സ്ഥാനത്തെത്തിയിട്ട് നാൽപതു വർഷം

ഹുസൈൻ മടവൂർ ഖുതുബ നടത്താൻ ആരംഭിച്ചത് 1984 സപ്തംബറിലെ ഒന്നാമത്തെ വെള്ളിയാഴ്ചയിലാണ്

 ഡോ ഹുസൈൻ മടവൂർ ഖത്വീബ്  സ്ഥാനത്തെത്തിയിട്ട് നാൽപതു വർഷം
avatar image

NDR News

07 Sep 2024 01:17 PM

കോഴിക്കോട് : ഡോ. ഹുസൈൻ മടവൂരിൻ്റ ഖത്വീബ് സ്ഥാനത്തിൻ്റെ നാൽപത് വർഷം പൂർത്തിയാവുന്നു. ഒരേ പള്ളിയിൽ ഒരേ പ്രസംഗ പീഠത്തിൽ നാൽപത് വർഷക്കാലം വെള്ളിയാഴ്ച ഖുതുബ പ്രഭാഷണം നടത്തിയാണ് ഡോ. ഹുസൈൻ മടവൂർ ഇങ്ങനെ വേറിട്ട വ്യക്തിത്വമാകുന്നത്. മലബാറിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ നമസ്കാരത്തിനെത്തുന്ന കോഴിക്കോട്ടെ പാളയം ജുമാമസ്ജിദിൽ (മുഹ് യിദ്ദീൻ പള്ളിയിൽ ) ഹുസൈൻ മടവൂർ ഖുതുബ നടത്താൻ ആരംഭിച്ചത് 1984 സപ്തംബറിലെ ഒന്നാമത്തെ വെള്ളിയാഴ്ചയിലാണ്. അന്ന് അദ്ദേഹത്തിന് പ്രായം ഇരുപത്തിയെട്ട് വയസ്സ് മാത്രമായിരുന്നു.

     നാല് നിലകളിലായി നഗരമദ്ധ്യത്തിൽ തലയുയർത്തി നിൽക്കുന്ന പാളയം പള്ളി ഇസ്ലാമിക സംസ്കാരത്തിൻ്റെ സിരാ കേന്ദ്രം കൂടിയാണ്. വാർത്താമാധ്യമങ്ങൾ അഭിപ്രായങ്ങൾ അറിയാനും പൊതുജനങ്ങൾ മതവിധികളറിയാനും കൂടുതൽ അവലംബിക്കുന്നതും ഈ പള്ളിയെയാണ്. ഖുതുബയുടെ നിർബന്ധ കാര്യങ്ങളും ഖുർആൻ വചനങ്ങളും അറബി ഭാഷയിൽ പാരായണം ചെയ്യുകയും ഉപദേശങ്ങൾ മലയാളത്തിൽ നൽകുകയും ചെയ്യുന്നതിനാൽ എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകളും സംഘടനാ വ്യത്യാസങ്ങൾ പരിഗണിക്കാതെ ഇവിടെ ജുമുഅയിൽ പങ്കെക്കുന്നുണ്ട്. സ്ത്രീകൾക്കും ആരാധനാ സൗകര്യമുള്ള പള്ളിയാണിത്. സമൂഹത്തിൻ്റെ ആവശ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ടുള്ള നിരവധി പരിഷ്കരണങ്ങൾ അദ്ദേഹം മുഖേന പള്ളിയിൽ നടപ്പിലാക്കിയിട്ടുണ്ട്.

    ഭിന്ന ശേഷിക്കാർക്ക് വീൽ ചെയറിൽ തന്നെ പള്ളിയുടെ അകത്തേക്ക് പ്രവേശിക്കാനും ആരാധനകൾ നിർവ്വഹിക്കാനുമിവിടെ സൗകര്യപ്പെടുത്തിയിട്ടുണ്ട്.

കേൾവിപരിമിതിയുള്ളവർക്ക് വേണ്ടി ജുമുഅ പ്രഭാഷണങ്ങൾ തത്സമയം വിദഗ്ദ്ധ്യാപകർ ആംഗ്യഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നുമുണ്ട്. ഇടക്കിടെ ഭിന്നശേഷിക്കാർക്കായി പഠന ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. കൗമാരക്കാർക്കായി വിവാഹപൂർവ്വ കൗൺസലിംഗ് കോഴ്സുകൾ വരെ ഇവിടെ നടത്തിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് ദേശീയ പതാകയുയർത്തൽ ഉൾപ്പെടെയുള്ള പരിപാടികൾ വർഷങ്ങളായി നടത്തിവരുന്നു. മതസൗഹാർദ്ദവും മാനവികതയും ലോക സമാധാനവും സ്ത്രീ ശാക്തീകരണവുമെല്ലാം ആദ്ധ്യാത്മിക വിഷയങ്ങളോടൊപ്പം മടവൂരിൻ്റെ ഖുതുബാ വിഷയങ്ങളാണ്. കുറഞ്ഞ സമയം കൊണ്ട് ആകർഷകമായ ശൈലിയിൽ കാര്യമാത്ര പ്രസക്തമായി കാര്യങ്ങൾ അവതരിപ്പിക്കുകയാണ് ഇദ്ദേഹത്തിൻ്റെ ശൈലി.

      ബാബരി മസ്ജിദ് വിഷയത്തിൽ മുസ്ലിം സമുദായം വൈകാരികമായി പ്രതികരിക്കരുതെന്നും നിയമപരമായും പക്വവുമായിരിക്കണം സമുദായത്തിൻ്റെ സമീപനമെന്നും അദ്ദേഹം 1992-ൽ പലതവണ പള്ളി മിമ്പറിൽ വെച്ച് ആഹ്വാനം ചെയ്തിട്ടുണ്ടായിരുന്നു.സ്വാമി ആചാര്യശ്രീ സച്ചിദാനന്ദ ഭാരതിയുടെ നേതൃത്വത്തിൽ നടന്ന കേരള ശാന്തി യാത്രക്ക് പള്ളിയിൽ സ്വീകരണം നൽകിയിരുന്നു. കോഴിക്കോട്ടെ പ്രമുഖ ഹിന്ദു, ക്രൈസ്തവ പണ്ഡിതന്മാരെയും മത നേതാക്കളയും പള്ളിയിൽ ക്ഷണിച്ച് വരുത്തുകയും അവരുടെ ആരാധനാലങ്ങൾ സന്ദർശിച്ച് സൗഹാർദ്ദ വേളകൾ ധന്യമാക്കുകയും ചെയ്തു.

   എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. പള്ളിയുടെ എല്ലാ നിലകളിലും ഖുതുബ ശ്രവിക്കാൻ പ്രത്യേക ടെലിവിഷൻ സംവിധാനമുണ്ട്. ഖുതുബ പ്രഭാഷണം ലോകത്തെവിടെയുമുള്ള മലയാളികൾക്ക് തൽസമയം കാണാനും കേൾക്കാനും സാധിക്കും. ഈ പള്ളിയിലെ ഖുതുബാ പ്രഭാഷണങ്ങൾ ഫേസ്ബുക്ക് , യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.

   സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് പുരോഗനമായി മുന്നോട്ട് പോകുന്നതിൽ ഖത്വീബും ചീഫ് ഇമാമുമായ ഹുസൈൻ മടവൂരിൻ്റെ നേതൃത്വം വലിയ പങ്ക് വഹിക്കുന്നു. കൊറോണക്കാലത്ത് ആരാധനാലയങ്ങൾ അടച്ചിടാൻ സർക്കാർ നിർദ്ദേശം വന്നപ്പോൾ ആദ്യമായി അടച്ചത് കോഴിക്കോട് പാളയം പള്ളിയായിരുന്നു. അതിന്നായി മക്കയിലെ ഗ്രാൻ്റ് മോസ്കിലെയും സൗദിയിലെ ഉന്നത പണ്ഡിത സഭയുടെയും ഫത് വകൾ അദ്ദേഹം വരുത്തി മറ്റു പള്ളി ഭാരവാഹികളെയും അറിയിക്കുകയും അവരെയും സർക്കാർ ഏർപ്പെടുത്തിയ കോവിഡ് പ്രതിരോധന പ്രവർത്തങ്ങളോട് സഹകരിക്കാൻ സജ്ജമാക്കുകയും ചെയ്തു. അക്കാലത്ത് പള്ളി അടഞ്ഞ് കിടന്ന ഇരുപത്തിയഞ്ച് വെള്ളിയാഴ്ചകളിൽ ഓൺലൈൻ ആയി ഹുസൈൻ മടവൂർ നടത്തിയ സാരോപദേശങ്ങൾ പിന്നീട് വെള്ളിവെളിച്ചം എന്ന പേരിൽ ഷാർജാ ബുക്ക് ഫെയറിൽ പുസ്തമായി പ്രസിദ്ധീകരിക്കുകയുണ്ടായി. കോഴിക്കോട് ജില്ലയിൽ മടവൂരിൽ ജനിച്ച അദ്ദേഹം സ്കൂൾ പഠനത്തിന് ശേഷം ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക്കോളെജ്, അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി, സൗദിയിലെ മക്കാ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അറബി ഭാഷയിലും ഇസ്ലാമികവിഷയങ്ങളിലും ബിരുദവും ബിരുദാനന്തര ബിരുദ പഠനങ്ങൾ പൂർത്തിയാക്കി. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. 

    ഫാറൂഖ് അറബിക്കോളെജ് പ്രിൻസിൽപ്പാൾ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ഇപ്പോൾ അദ്ദേഹം കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അറബിക് പി.ജി വിഭാഗം അക്കാദമിക് കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിക്കുന്നു. നേരത്തെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിൻ്റെ സംസ്ഥാന തല കോ ഓർഡിനേറ്റും സംസ്ഥാന വഖഫ് ബോർഡിലും സംസ്ഥാന സാക്ഷരതാ സമിതിയിലും സർക്കാർ നോമിനേറ്റഡ് അംഗവുമായിരുന്നു. കേന്ദ്ര സർവ്വകാലാശാലകളിൽ യു.ജി.സി റിസോഴ് പേഴ്സനായി പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയം മഹാഗാന്ധി സർവ്വകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായും കോഴിക്കോട് സർവകലാശാലയിൽ ഇസ്ലാമിക് ചെയർ ഗവേർണിംഗ് ബോഡി അംഗമായും പ്രവർത്തിച്ചു. ഇപ്പോൾ ഡൽഹിയിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ (എഛ് ആർ ഡി എഫ് ) ചെയർമാനും ഇന്തോ അറബ് ലീഗിൻ്റെ സെക്രട്ടരി ജനറലുമാണ്. നിരവധി ദേശീയ അന്തർ ദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യ, ഫലസ്തീൻ, അമേരിക്ക, ബ്രിട്ടൺ , മലേഷ്യ, ഇന്തോനേഷ്യ ഉൾപ്പെടെ ഇരുപത് രാഷ്ട്രങ്ങൾ സന്ദർശിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. 

ഡൽഹിയിലെ ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗമായ ഹുസൈൻ മടവൂർ കേരള നദ് വത്തുൽ മുജാഹിദിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആണ്. ആകാശവാണിയുടെ വചനാമൃതം പരിപാടിയിലൂടെ ശ്രോതാക്കളുടെ ഹൃദയങ്ങളിൽ ഇടം നേടുകയുണ്ടായി. മോങ്ങം വനിതാ കോളെജ് അദ്ധ്യാപികയായിരുന്ന സൽമയാണ് ഭാര്യ. ജിഹാദ്, ജലാൽ, മുഹമ്മദ്, അബ്ദുല്ല, അബൂബക്കർ മക്കളാണ്.

എസ് മുഹമ്മദ് യൂനുസ് പ്രസിഡൻ്റും മുഹമ്മദ് ആരിഫ് സെക്രട്ടരിയുമായ കമ്മിറ്റിയാണ് പാളയം പള്ളി പരിപാലനം നടത്തുന്നത്.

NDR News
07 Sep 2024 01:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents