നടുവണ്ണൂർ വോളിബോൾ അക്കാദമി; വാർത്തകൾ അടിസ്ഥാന രഹിതം - ടി.പി. ദാമോദരൻ
പ്രശ്നത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി
നടുവണ്ണൂർ: ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന നടുവണ്ണൂർ വോളിബോൾ അക്കാദമിയുമായി ബന്ധപ്പെട്ട് വന്ന വാർത്തകളും, യു.ഡി.എഫ്. അനുകൂല അംഗങ്ങൾ ഉന്നയിച്ച വിഷയങ്ങളും, അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്നും, ഭരണസമിതിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജൂലൈയിൽ പെയ്‌ത അതിതീവ്രമഴയെ തുടർന്ന് വോളിബോൾ അക്കാദമിയുടെ സെപ്റ്റിക് ടാങ്കിൽനിന്ന് 16ന് രാത്രി മലിനജലം പുറത്തേക്ക് ഒഴുകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ പഞ്ചായത്തിൻ്റെ നിർദ്ദേശത്തെ തുടർന്ന് ആരോഗ്യ വിഭാഗം സ്ഥലം സന്ദർശിക്കുകയും മലിനജലം ഒഴുകിയ ഭാഗങ്ങളും സമീപത്തെ കിണറുകളും ക്ലോറിനേഷൻ നടത്തുകയും, അക്കാദമി അധികൃതരെ കൊണ്ട് സെപ്റ്റിക് ടാങ്ക് കാലിയാക്കിക്കുകയും ചെയ്തു. പഞ്ചായത്തിന്റെ നിർദ്ദേശ പ്രകാരം സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. അതിനാൽ അക്കാദമിയിലെ കുട്ടികൾക്ക് താൽക്കാലിക താമസസ്ഥലമൊരുക്കി അവിടേക്ക് മാറ്റി.
സമീപ കിണറുകളിലെ കുടിവെള്ളം അപകടകരമായ രീതിയിൽ മലിനപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുകയും ജനങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കുകയും ചെയ്‌തു. എല്ലാ ആഴ്ചയും പ്രദേശത്തെ കിണറുകളിൽ ക്ലോറിനേഷൻ, സൂപ്പർ ക്ലോറിനേഷൻ എന്നിവ നടത്തുന്നുണ്ട്. പ്രദേശവാസികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും പഞ്ചായത്ത് സ്വീകരിച്ചതായും പ്രസിഡന്റ് വ്യക്തമാക്കി.
കെട്ടിടനിർമാണ പെർമിറ്റിന്റെ അപേക്ഷയിലും പ്ലാനിലും സാങ്കേതിക ന്യൂനത ഉണ്ടായിരുന്നതിനാൽ കെട്ടിടനിർമാണ അനുമതിയും കെട്ടിട നമ്പറും ഇതുവരെയും അനുവദിച്ചിട്ടില്ല. ഇത് പരിഹരിച്ചുകൊണ്ടുള്ള പ്ലാനും അപേക്ഷയും സമർപ്പിച്ചാൽ കെട്ടിട നിർമാണം നിയമ വിധേയമാക്കാവുന്നതാണ്. അത് എത്രയും പെട്ടെന്ന് ഉണ്ടാവണമെന്ന് അക്കാദമി അധികൃതരെ പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സ്ഥിരം സമിതി ചെയർമാൻമാരായ സുധീഷ് ചെറുവത്ത്, ടി.സി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.