ബസ് ജീവനക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റ യുവാവിന് കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ വധഭീഷണി
കുമുള്ളി മഠത്തിൽ മീത്തൽ ജംഷീറിനെയാണ് രണ്ടംഗ സംഘം ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി.
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കെതിരെ വധഭീഷണിയുള്ളതായി പരാതി. കഴിഞ്ഞ ദിവസം കൂമുള്ളിയിൽ വെച്ച് അജ് വ ബസ് ജീവനക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റ് കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിൽ കഴിയുന്ന മഠത്തിൽ മീത്തൽ ജംഷീറിനെയാണ് രണ്ടംഗ സംഘം ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കൂമുള്ളിയിൽ വെച്ച് ജംഷീറിന്റെ സഹോദരനെയും ജീപ്പിലെത്തിയ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ബസ് ജീവനക്കാർക്കെതിരെ പരാതി നൽകിയതിന്റെ വൈരാഗ്യമാണ് ഭീഷണിയ്ക്ക് കാരണമെന്ന് ജംഷീർ പറഞ്ഞു. രാത്രിയിൽ പ്രതികളിൽ ചിലർ ആശുപത്രി പരിസരത്തു ചുറ്റിക്കറങ്ങുന്നുണ്ടന്നും പരാതിയിൽ പറയുന്നു.
പ്രതികൾ ഉപയോഗിച്ച ജീപ്പ് കസ്റ്റഡിയിൽ എടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് തങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.