ദുരിതം വിതച്ച് പെരുമഴ; അരിക്കുളം ഊട്ടേരിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
പ്രദേശത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു
അരിക്കുളം: കനത്ത മഴയിൽ അരിക്കുളം ഗ്രാമപഞ്ചായത്തിൽ ഊട്ടേരിയിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിനടിയിലായി. പ്രദേശത്തെ പല കുടുംബങ്ങളും ബന്ധുവീട്ടിലേക്ക് മാറി പോകാൻ ഒരുങ്ങുകയാണിപ്പോൾ. വെള്ളം കയറിയ വീടുകളിൽ പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ, വാർഡ് മെമ്പർ എം. പ്രകാശൻ, വില്ലേജ് അധികൃതർ ഉൾപ്പെടെ സന്ദർശിച്ചു.
ഇനിയും വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിക്കുകയാണെങ്കിൽ പഞ്ചായത്തിൽ രണ്ട് സുരക്ഷാ കേന്ദ്രങ്ങൾ തുറക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. അരിക്കുളം പഞ്ചായത്തിൽ വെള്ളപ്പൊക്കം കൊണ്ട് ദുരിതമനുഭവിക്കുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ അരിക്കുളം മണ്ഡലം പ്രസിഡന്റ് റിയാസ് ഊട്ടേരി ആവശ്യപ്പെട്ടു.