ചുഴലിക്കാറ്റിൽ നൊച്ചാട് പഞ്ചായത്തിൽ കനത്ത നാശം
വിവിധയിടങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം
നൊച്ചാട്: ഞായറാഴ്ച പുലർച്ചെ വീശിയ ശക്തമായ ചുഴലിക്കാറ്റിൽ നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ മായഞ്ചേരി പൊയിൽ, ചാലിക്കര, പുളിയോട്ട് മുക്ക് എന്നിവിടങ്ങളിൽ നിരവധി വീടുകൾ തകർന്നു. പ്രദേശത്ത് വ്യാപകമായ കൃഷിനാശം സംഭവിച്ചു.
വെള്ളിയൂരിലെ എടവന അബ്ദുള്ള, ഇടവലത്ത് കണ്ടി കേശവൻ, കിളിയാലൻ കണ്ടി അമ്മദ് കുട്ടി, കിളിയാലൻ കണ്ടി ഹസ്സൻകുട്ടി, കുന്നുമ്മൽ ഫൈസൽ, പുളിയോട്ട് മുക്കിലെ എടക്കണ്ടി ബാലൻ, വലിയപറമ്പിൽ ഷാജു, വലിയപറമ്പിൽ സുരേഷ്, വലിയപറമ്പിൽ ബാലൻ, പുലച്ചാളക്കണ്ടി കുഞ്യോയി, എടത്തും ചാലിൽ ഇബ്രാഹിം, ഇടത്തും ചാലിൽ മുഹമ്മദലി, പുലച്ചാളക്കണ്ടി ഗഫൂർ, പുലച്ചാളണ്ടി സുഹറ, കുറുങ്ങോട്ടിടത്തിൽ അബൂബക്കർ, മായഞ്ചേരി പൊയിലിലെ മുകളയിൽ ബാബു എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണ് സാരമായ കേടുപാടുകൾ സംഭവിച്ചു. നൂറുകണക്കിന് മാവ്, പ്ലാവ്, തെങ്ങ്, വാഴ എന്നിവ നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശമാണ് സംഭവിച്ചത്.
ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എൻ. ശാരദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജി കൊട്ടാരക്കൽ, കെ. മധു കൃഷ്ണൻ, കെ. അമ്പിളി, സനില ചെറുവറ്റ, സി.പി.ഐ.എം. നൊച്ചാട് ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ എന്നിവർ സന്ദർശിച്ചു. നൊച്ചാട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
ചുഴലിക്കാറ്റിൽ വീടുകൾക്കും കാർഷിക വിളകൾക്കും നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര സഹായം നൽകാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം. നൊച്ചാട് ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ അധികൃതരോട് ആവശ്യപ്പെട്ടു.