കൊഴുക്കല്ലൂരിൽ മരം വീണ് വീട് തകർന്നു; ഉറങ്ങിക്കിടന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ കൊഴുക്കല്ലൂരിൽ വ്യാപക നാശനഷ്ടം
മേപ്പയൂർ: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ മേപ്പയൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂരിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഒട്ടേറെ വൃക്ഷങ്ങൾ കടപുഴകി വീണു. പുതുക്കുടിക്കണ്ടി ദേവിയുടെ വീടിനു മുകളിൽ വലിയൊരു മരം വീണ് വീട് നിശ്ശേഷം തകർന്നു. തലനാരിഴയ്ക്കാണ് ഉറങ്ങിക്കിടക്കുന്ന കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത്.
പുതുക്കുടിക്കണ്ടി കൃഷ്ണൻ്റെയും, മന്ദത്ത് അമ്മതിന്റെയും, നൊട്ടിയിൽ ആമദിന്റെയും, കിണറുള്ളകണ്ടി ചിരുതക്കുട്ടിയുടെയും, തിരുമംഗലത്ത് ചന്ദ്രന്റെയും, പുതുശ്ശേരി ബാലകൃഷ്ണൻ കിടാവിന്റെയും പറമ്പിടങ്ങളിലാണ് വ്യാപകമായ നാൾനഷ്ടങ്ങുണ്ടായത്.
കൊയിലാണ്ടി ഡപ്യൂട്ടി തഹസിൽദാർ ഇ.എം. ബിജു സ്ഥലം സന്ദർശിച്ചു നാശനഷ്ടങ്ങൾ വിലയിരുത്തി. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, വാർഡ് മെമ്പർ മിനി അശോകൻ എന്നിവർ റവന്യു ഉദ്യോഗസ്ഥനോടോപ്പമുണ്ടായിരുന്നു.