headerlogo
local

ജനസഹസ്രം ഒഴുകി, കെ.കെ. മാധവന് കണ്ണീരോടെ വിട

നടുവണ്ണൂർ ടൗണിൽ മൗന ജാഥയും അനുശോചനയോഗവും

 ജനസഹസ്രം ഒഴുകി, കെ.കെ. മാധവന് കണ്ണീരോടെ വിട
avatar image

NDR News

23 Jul 2024 09:33 PM

നടുവണ്ണൂർ: ഇന്ന് പുലർച്ചെ അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ. മാധവന് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ പാർട്ടി പ്രവർത്തകരും നാട്ടുകാരും ചേർന്ന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. നടുവണ്ണൂർ, ബാലുശ്ശേരി, പേരാമ്പ്ര മേഖലകളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അദ്വിതീയ പങ്കു വഹിച്ച നേതാക്കളിൽ അവസാന കണ്ണിയാണ് കെ.കെ. മാധവന്റെ വേർപാടോടെ അവസാനിക്കുന്നത്. 

       ആർ.എം.പി. നേതാവും വടകര എം.എൽ.എയുമായ കെ.കെ. രമയുടെ പിതാവും കൂടിയായ നാട്ടുകാരുടെ പ്രിയ മാധവേട്ടനെ കാണാൻ പ്രതികൂല കാലാവസ്ഥയിലും ആയിരങ്ങൾ ഒഴുകിയെത്തി. രാവിലെ മുതൽ ആരംഭിച്ച സന്ദർശക പ്രവാഹം സന്ധ്യ വരെ നീണ്ടു. ദൂരദേശത്ത്  നിന്ന് വരാൻ ഉണ്ടായിരുന്ന പേരക്കുട്ടികൾ കൂടി എത്തിയതോടെ ചെമ്പതാക പുതപ്പിച്ച മൃതദേഹം ചിതയിലേക്ക് എടുത്തു. അപ്പോൾ കൂടി നിന്ന് ആർ.എം.പി. പ്രവർത്തകർ മുഷ്ടി ചുരുട്ടി ഇങ്ക്വിലാബ് വിളിക്കുകയും കെ.കെ. മാധവൻ തങ്ങളിലൂടെ ജീവിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. മാധവേട്ടന്റെ ആഗ്രഹം പോലെ കർമ്മങ്ങളൊന്നുമില്ലാതെയാണ് സംസ്കാരകർമ്മം നടന്നത്. ഏക മകൻ സുരേഷും പേരക്കുട്ടി നീരജും ചേർന്ന് ചിതയ്ക്ക് തീകൊളുത്തി. 

      തുടർന്ന് വിവിധ സംഘടന നേതാക്കളുടെ നേതൃത്വത്തിൽ ജനങ്ങൾ മൗന ജാഥയായി നടുവണ്ണൂർ ടൗണിലേക്ക് നീങ്ങി. അവിടെ നടന്ന അനുശോചന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എം.പി. ലോക്കൽ സെക്രട്ടറി സുനിൽകുമാർ സ്വാഗതം പറഞ്ഞു. ആർ.എം.പി. ജനറൽ സെക്രട്ടറി എൻ. വേണു, കോൺഗ്രസ് നേതാക്കളായ കെ.എം. അഭിജിത്ത്, വി.പി. ദുൽഖിഫിൽ, കെ. രാജീവൻ, മുസ്‌ലിം ലീഗ് നേതാക്കളായ സാജിദ് നടുവണ്ണൂർ, അഷ്റഫ് പുതിയപ്പുറം, സി.പി.ഐ. നേതാവ് ടി.എം. ശശി, ബിജെപി നേതാവ് പ്രഫുൽ കൃഷ്ണ എന്നിവരും ആർ.എം.പി. നേതാക്കളായ കെ.സി. ഉമേഷ് ബാബു, കെ.എസ്. ഹരിഹരൻ തുടങ്ങിയവരും സംസാരിച്ചു. കെ.പി. പ്രകാശൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. 

      നേരത്തെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ സന്ദർശിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുൻ കെ.പി.സി.സി. പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺകുമാർ, മുൻ പ്രസിഡൻ്റ് കെ.സി. അബു, എം.എൽ.എമാരായ ടി.പി. രാമകൃഷ്ണൻ, കാനത്തിൽ ജമീല, തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ. വിജയൻ, മുൻ എം.എൽ.എമാരായ എ. പ്രദീപ് കുമാർ, കെ. കുഞ്ഞമ്മദ്, സി.കെ. നാണു, സത്യൻ മൊകേരി, എ.കെ പത്മനാഭൻ സി.പിഎം നേതാക്കളായ കെ ടി കുഞ്ഞിക്കണ്ണൻ, നളിനി, എം. കുട്ടികൃഷ്ണൻ, സി.എം ശ്രീധരൻ  ലീഗ് നേതാക്കളായ പി.കെ. ഫിറോസ്, ടി.ടി. ഇസ്മയിൽ, നാസർ എസ്റ്റേറ്റ് മുക്ക് തുടങ്ങിയവർ സന്ദർശിച്ചു.

NDR News
23 Jul 2024 09:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents