പൊട്ടങ്ങൽ മുക്ക് ഉദയം ബൈപാസ് റോഡ് ശോച്യാവസ്ഥയിൽ
അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ.
കോട്ടൂർ:കോട്ടൂർ പഞ്ചായത്തിലെ 7, 8 വാർഡിലൂടെ കടന്നുപോകുന്ന പൊട്ടങ്ങൽ മുക്ക് ആറാം കോട്ടക്കൽ താഴെ റോഡിന്റെ ശോച്യാവസ്ഥകാരണം പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലാണ്.
പൊട്ടങ്ങൽമുക്കിൽ നിന്നും ആരംഭിക്കുന്ന ഏഴാം വാർഡിന്റെ പരിധിയിലുള്ള തറോൽ താഴെ വരെയുള്ള 900 മീറ്റർ എം പി ഫണ്ടിലും തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തി പൂർണമായും ടാറിങ്ങും കോൺക്രീറ്റും ചെയ്തു ഗതാഗത യോഗ്യമാക്കിയിട്ടുണ്ടെങ്കിലും.എട്ടാം വാർഡിൽ ഉൾപ്പെടുന്ന ഉദയം ജംഗ്ഷനിൽ നിന്നും ആറാം കോട്ടക്കൽ താഴെവരെയുള്ള 450 മീറ്ററിൽ തുടക്കത്തിലുള്ള 150 മീറ്റർ മാത്രമേ കോൺക്രീറ്റ് ചെയ്തിട്ടുള്ളൂ. ബാക്കിവരുന്ന 300 മീറ്റർ വയലിന് നടുവിലൂടെ കടന്നുപോകുന്ന റോഡായതിനാൽ മഴക്കാലമായാൽ വെള്ളം പൊങ്ങി ചളി നിറഞ്ഞ് വഴി നടക്കാൻപോലും പറ്റാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.
പൂനത്ത് എയുപി സ്കൂൾ, നീറോത്ത് ജി .എൽ .പി സ്കൂൾ, പനങ്ങാട് നോർത്ത് എ .യു .പി സ്കൂൾ, അവിടെനല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, നീറോത്ത് മഹാവിഷ്ണു ക്ഷേത്രം, ത്വാഹാ മസ്ജിദ്, ബാലുശ്ശേരി കൂട്ടാലിട ടൗൺ എന്നിവിടങ്ങളിലേക്ക് എത്താൻ പ്രദേശത്തുകാർക്ക് ഇതല്ലാതെ മറ്റൊരു റോഡില്ല.
മഴയത്ത് ചെളി നിറയുന്ന റോഡിൽ വഴി നടക്കാൻ കഴിയാറില്ല സ്കൂളിൽപോകുന്നകുട്ടികളുടെ വസ്ത്രത്തിൽ ചളിയും മണ്ണും തെറിച്ച് വൃത്തിഹീനമായിട്ടാണ് സ്കൂളിലെത്തുന്നത്. നാട്ടുകാർ പൊതുപിരിവിലൂടെ പണം സ്വരൂപിച്ച് ഇറക്കുന്ന കോറിവേസ്റ്റ് കൊണ്ടാണ് വേനൽ കാലത്ത് വഴി നടക്കാൻ കഴിയുന്നത്. മഴക്കാലമായാൽ ഇതെല്ലാം ഒലിച്ചു പോകും. കുണ്ടും കുഴിയും കല്ലും ചെളിയും നിറഞ്ഞ റോഡിലൂടെ മുതിർന്ന പൗരന്മാരും കുട്ടികളും വഴി നടക്കാൻ ബുദ്ധിമുട്ടുകയാണ് .ഇതിനൊരു അടിയന്തിര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.