പയ്യോളി സ്റ്റേഷനിൽ ട്രെയിൻ നിർത്താതെ പോയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണം; മർഡാക്ക്
വൈകിയെത്തിയ ട്രെയിൽ പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോവുകയായിരുന്നു

ചേമഞ്ചേരി: പയ്യോളി റെയിൽവേ സ്റ്റേഷനിൽ ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് നിർത്താതെ പോയ സംഭവത്തിൽ റെയിൽവേ മന്ത്രാലയം കർശന നടപടി സ്വീകരിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ്മെന്റ് കൗൺസിൽ (മർഡാക്) ചെയർമാൻ എം.പി. മൊയ്‌തീൻ കോയ ആവശ്യപ്പെട്ടു. 16307 ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സാണ് നിർത്താതെ പോയത്.
റണ്ണിംഗ് സ്റ്റാറ്റസ് പ്രകാരം ജൂലൈ 11ന് ശനിയാഴ്ച രാത്രി 10മണിക്ക് പയ്യോളി സ്റ്റേഷനിൽ എത്തിച്ചേരേണ്ട ട്രെയിൻ രാത്രി 10:56നാണ് പയ്യോളി സ്റ്റേഷനിൽ നിർത്താതെ കടന്നു പോയത്. യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് 2 കിലോമീറ്റർ ദൂരം മാറി അയനിക്കാട് ട്രെയിൻ നിർത്തുകയായിരുന്നു. ഫ്ലാറ്റ് ഫോം ഇല്ലാതെ നിറയെ കുറ്റി കാടുകൾ ഉള്ള അയനിക്കാട് ഇറങ്ങാൻ രോഗികളും പ്രായമുള്ളവരും ഏറെ പ്രയാസപ്പെട്ടു. ശക്തമായ കാറ്റും മഴയും ഉള്ളതും പ്രശ്നം വഷളാക്കി.
കുറേ യാത്രക്കാർ വടകരയിലും ഇറങ്ങി. കണ്ണൂർ ഭാഗത്തേക്കു പോകാൻ വന്നവരുടെ യാത്രയും മുടങ്ങി. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് റെയിൽവേ ബോർഡ് ചെയർമാന് മർഡാക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.