കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പരിശോധനക്ക് നൽകിയ രക്തസാമ്പിൾ കാണാതായതായി പരാതി
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പരിശോധനക്കായി നൽകിയ രക്തസാമ്പിളാണ് കാണാതായത്
കൊയിലാണ്ടി: പരിശോധനയ്ക്ക് നൽകിയ രക്തസാമ്പിൾ കാണാതായതായി പരാതി. പേരാമ്പ്ര ചേനോളി മുളിയങ്ങൽ അജീഷ് (38) കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പരിശോധനക്കായി നൽകിയ രക്തസാമ്പിളാണ് കാണാതായത്.
ജൂൺ 27 വ്യാഴാഴ്ചയാണ് അജീഷ് ചികിത്സക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. മെഡിസിൻ വിഭാഗത്തിലെ ഡോക്ടറെ കാണിച്ചതിനെ തുടർന്ന് രക്തം പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഇത് പ്രകാരം ആശുപത്രിയിലെ ലാബിൽ രക്ത സാമ്പിൾ നൽകുകയും പരിശോധനയ്ക്കുള്ള പണമടക്കുകയും ചെയ്തു.
എന്നാൽ ജൂൺ 29 ശനിയാഴ്‌ച രാവിലെ രക്ത പരിശോധനയുടെ റിസൾട്ടിനായി ലാബിൽ ചെന്നപ്പോൾ രക്തസാമ്പിൾ കാണാനില്ലെന്ന് ലാബിലുള്ളവർ അറിയിക്കുകയായിരുന്നു. അതിനൊപ്പം
രക്തസാമ്പിൾ വീണ്ടും നൽകാൻ ആവശ്യപ്പെട്ടതായും യുവാവ് പറഞ്ഞു.
അതേസമയം, വളരെ മോശം പെരുമാറ്റമാണ് ലാബിലെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അജീഷ് പറഞ്ഞു. സംഭവത്തിൽ യുവാവ് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. അനുകൂല നടപടിയുണ്ടാവുമെന്ന് സൂപ്രണ്ട് അറിയിച്ചതായി അജീഷ് പറഞ്ഞു.