കുവൈറ്റ് അഗ്നി ദുരന്തം കുടുംബത്തിനു മതിയായ സഹായം നൽകണം
അനുസ്മരണ യോഗം കെ.എം.സി.സി. കുവൈറ്റ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി ഉദ്ഘാടനം ചെയ്തു
കാപ്പാട്: കുവൈറ്റ് അഗ്നി ദുരന്തത്തിൽ മരണമടഞ്ഞ പ്രവാസി മലയാളികളുടെ കുടുംബത്തിനു കേന്ദ്ര - സംസ്ഥാന സർക്കാർ നൽകിയ സഹായം അപര്യാപ്തമാണെന്നും കുടുംബത്തിന് മതിയായ സഹായം നൽകണമെന്നും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ആവശ്യപ്പെട്ടു.
ദുരന്തം നടന്ന ഉടനെ കേന്ദ്ര - സംസ്ഥാന സർക്കാർ തക്ക സമയത്തു ഇടപെടുകയും, മൃതദേഹം യുദ്ധകാലാടിസ്ഥാനത്തിൽ സ്വദേശത്തു എത്തിക്കുന്നതിനും പരിക്കേറ്റിവർക്ക് ഉയർന്ന ചികിത്സ നൽകുകയും ചെയ്ത കുവൈറ്റ് ഭരണാധികാരികൾ നടത്തിയ സേവനവും ശ്ലാഘനീയമാണ്. നമ്മെ വിട്ടു പിരിഞ്ഞവരെ അനുസ്മരിക്കുന്നതിനായി 'സ്മരണാജ്ഞലി' എന്ന പേരിൽ യത്തീംഖാനയിൽ ചേർന്ന യോഗം കെ.എം.സി.സി. കുവൈറ്റ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്‌തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ മുനീർ കാപ്പാട് സ്വാഗതം പറഞ്ഞു. കെ.കെ. കരീം, പി.യു.കെ. മൊയ്‌തീൻ കോയ, അജ്മൽ, ഹമീദ് ആവള, മഹമൂദ് ടി.വി. ദമാം അമ്മികണ്ണാടി യൂസഫ് കുവൈറ്റ് എന്നിവർ സംസാരിച്ചു.