കൂത്താളിയിൽ സുരക്ഷ അവബോധ ക്ലാസ് നടത്തി
പേരാമ്പ്ര അഗ്നിരക്ഷാനിലയവുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്
പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്., ജി.ആർ.സിയുടെ നേതൃത്വത്തിൽ 'എന്നിടം' ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര അഗ്നിരക്ഷാനിലയവുമായി ചേർന്ന് ബേസിക് ലൈഫ് സപ്പോർട്ട്, അഗ്നിരക്ഷാ മുൻകരുതലുകൾ എന്നിവയിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസെടുത്തു.
പാചകവാതക ഉപയോഗത്തിലെ സുരക്ഷാ മുൻകരുതലുകളും വാതക ചോർച്ച ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും വിശദീകരിച്ചതോടൊപ്പം ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി. തുടർന്ന് അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി.
കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുവിന്റെ സാന്നിധ്യത്തിൽ സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ ജയന്തി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ശ്രീഷ്മ ക്ലാസിന് നേതൃത്വം നൽകി. സി.ഡി.എസ്. അംഗം ബിന്ദു സ്വാഗതവും കിരൺ നന്ദിയും പറഞ്ഞു.