വാകയാട് - നടുവണ്ണൂർ - ഉള്ളിയേരി - കോഴിക്കോട് ബസ് സർവീസ് ആരംഭിക്കണം
മുമ്പ് ഉണ്ടായിരുന്ന സർവ്വീസ് നിർത്തലാക്കിയതാണ് യാത്രാ ക്ലേശത്തിന് കാരണം
നടുവണ്ണൂർ: വാകയാട് - നടുവണ്ണൂർ - ഉള്ളിയേരി - കോഴിക്കോട് റൂട്ടിൽ ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ഈ റൂട്ടിൽ മുമ്പ് ബസ് സർവീസ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അത് നിർത്തുകയായിരുന്നു. ഇപ്പോൾ ഉള്ളിയേരിയിൽ നിന്ന് ആരംഭിച്ച് ഉള്ളിയേരി തന്നെ അവസാനിപ്പിക്കുന്ന തരത്തിലാണ് സർവീസ്.
രാവിലെ 6.35ന് വാകയാട് നിന്ന് ആരംഭിച്ച് 8.05ന് കോഴിക്കോട് എത്തുന്ന വിധത്തിലായിരുന്നു സർവീസ് നടത്തിയിരുന്നത്. ഇത് സർക്കാർ ഓഫീസുകളിലേക്കും, കൊല്ലം പിഷാരികാവ് ക്ഷേത്രത്തിക്കും പോകുന്നവർക്കും, വിദ്യാർത്ഥികൾക്കും വളരെ ഉപകാരപ്രദമായിരുന്നു. വൈകീട്ട് 4 മണിക്ക് വാകയാട് നിന്നും ആരംഭിച്ച് 5.55ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന ട്രിപ്പ് രോഗികളെ സന്ദർശിക്കാനും ഉപകാരപ്പെട്ടിരുന്നു.
തിരികെ 6.08ന് മെഡിക്കൽ കോളേജിന് സമീപത്ത് നിന്നും പുറപ്പെടുന്ന ബസ് രാത്രി 8 മണിക്ക് വാകയാട് എത്തിരിയിരുന്നു. എന്നാൽ, ഇന്ന് ഉള്ളിയേരി - കോഴിക്കോട് റൂട്ടിൽ മാത്രമാണ് സർവീസ് നടത്തുന്നത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഇത്തരം പ്രവൃത്തികൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അധികാരികൾ ജനങ്ങളുടെ യാത്ര പ്രശ്നത്തിന് എത്രവേഗം പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.