റോഡരികിലുള്ള മരം വീണ് ഗതാഗതം മുടങ്ങി
മുളിയങ്ങൽ കായണ്ണ റോഡിൽ ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം.

പേരാമ്പ്ര: മുളിയങ്ങൽ കായണ്ണ റോഡിൽ മരം വീണത് ഏറെനേരം ഗതാഗത തടസ്സത്തിന് കാരണമായി. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. മുളിയങ്ങൽ കായണ്ണ റോഡിൽ പഴയ ഈർച്ചമില്ലിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള തെങ്ങ് റോഡരികിലുള്ള പൂമരത്തിന്റെ മുകളിലേക്ക് പൊട്ടിവീണ് രണ്ട് മരങ്ങളും കൂടി എതിശയിലുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു.
ഗതാഗതം തടസ്സപ്പെട്ട് അപകടാവസ്ഥയിൽ നിന്നതിനാൽ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ക്രെയിനിന്റെ സഹായത്തോടെ ഏറെ പണിപ്പെട്ട് മരം മുറിച്ചു മാറ്റുകയായിരുന്നു.
മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിൽ നിലയത്തിലെ ഉദ്യോഗസ്ഥരായ ശ്രീകാന്ത്, ലതീഷ്, റിതിൻ, ധീരജ് ലാൽ , ബിനീഷ്, ഷൈജു, രാജീവൻ എന്നിവരും പങ്കെടുത്തു.