നന്മണ്ടയിൽ യുവതി വീടിനകത്ത് മരിച്ച നിലയിൽ
നന്മണ്ട 14 ൽ പി.സി. സ്കൂളിന് സമീപം ചെറുകുളം വയലിൽ പൂജയെ (24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്
നന്മണ്ട:യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. നന്മണ്ട 14 ൽ പി.സി. സ്കൂളിന് സമീപം ചെറുകുളം വയലിൽ പൂജയെ (24) ആണ് ഇന്നലെ ബുധനാഴ്ച പകൽ 10.30 ഓടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂജയുടെ അമ്മ കടയിൽ പോയി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ബോധരഹിതമായി കാണപ്പെടുകയായിരുന്നു. ഉടനെ ബാലുശ്ശേരിയിലെ സ്വകാര്യ ക്ലിനിക്കിലും അവിടെനിന്നും ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
കഴുത്തിൽ പാടുകൾ കണ്ടതിനെ തുടർന്ന് അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഡി.വൈ.എസ്.പി എ എം ബിജു, ബാലുശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വീട്ടിൽ അമ്മയും മകളുമാണ് താമസം. അച്ഛൻ: പരേതനായ സുരേഷ്. അമ്മ: ഷൈനി.