കോട്ടൂരിലും ബാലുശ്ശേരിയിലും നടുവണ്ണൂരിലും ഉള്ളിയേരിലും കായണ്ണയിലും പേരാമ്പ്രയിലും വികസനംവരും
കൊയിലാണ്ടി,ബാലുശ്ശേരി കൊയിലാണ്ടി മണ്ഡലങ്ങൾക്ക് പത്ത് കോടി രൂപ വീതം

ബാലുശ്ശേരി: കൊയിലാണ്ടി, ബാലുശ്ശേരി കൊയിലാണ്ടി മണ്ഡലങ്ങളിൽ വിവിധ പദ്ധതികൾക്കായി പത്ത് കോടി രൂപ വീതം വകയിരുത്തി. ബാലുശ്ശേരിയിൽ ടൂറിസം മേഖല ഉൾപ്പെടെ വിവിധ പദ്ധതികൾക്കായാണ് പണം അനുവദിച്ചത്. 15 പദ്ധതികൾക്ക് 100 രൂപ ടോക്കൺ പ്രൊഫഷനും അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന കരിയാത്തുംപാറ തോണിക്കടവ് ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ട വികസനത്തിന് രണ്ടുകോടി രൂപയാണ് അനുവദിച്ചത്. ബാലുശ്ശേരി കൂട്ടാലിട കൂരാച്ചുണ്ട് റോഡിന്റെ അവശേഷിക്കുന്ന ഭാഗം പൂർത്തിയാക്കുന്നതിന് രണ്ട് കോടി രൂപയും എകരൂൽ കാക്കൂർ റോഡിൻറെ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് രണ്ട് കോടി രൂപയും അനുവദിച്ചു. ബാലുശ്ശേരി മണ്ഡലത്തിലെ മാതൃക പദ്ധതികളിൽ ഒന്നായ മഞ്ഞപ്പുഴ രാമൻ പുഴ സമഗ്ര പുനരുജ്ജീവന വികസന പദ്ധതിക്ക് രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. തലയാട് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ടുകോടി രൂപ വകയിരുത്തി. മുളിയങ്ങൽ കായണ്ണ കൈതക്കൊല്ലി റോഡ്, ഉള്ളിയേരി നഗര സൗന്ദര്യവൽക്കരണം, കൂട്ടാലിട നഗരം സൗന്ദര്യവൽക്കരണം, മോതിരക്കടവ് പാലം,വെങ്ങലത്ത് കണ്ടി പാലം അത്തോളി കുനിയിൽ കടവ് റോഡ്, മുണ്ടോത്ത് തെരുവത്ത് കടവ് റോഡ്, സ്കൂൾ പാടിക്കുന്ന് റോഡ് തുടങ്ങിയവ 100 രൂപ ടോക്കൺ മണി അനുവദിച്ച പ്രവൃത്തികളിൽ ഉൾപ്പെടുന്നു.
കൊയിലാണ്ടിയിൽ നാലു പദ്ധതികൾക്കായി പത്തു കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. കൊയിലാണ്ടി പഴയ മാർക്കറ്റ് കൊയിലാണ്ടി ഹാർബർ വലിയ മങ്ങാട് റോഡിന് 1.40 കോടി രൂപയും അരയങ്കാവ് കൂട്ടംപള്ളി റോഡിന് 1.10 കോടി രൂപയും കോട്ടക്കൽ കോട്ടത്തുരുത്തി സംരക്ഷണഭിത്തി നിർമ്മാണത്തിന് 1.50 കോടി രൂപയും കാപ്പാട് കടൽഭിത്തി നിർമ്മാണത്തിന് ഒരു കോടി രൂപയുമാണ് അനുവദിച്ചത്. സംസ്ഥാന ബജറ്റിൽ പേരാമ്പ്ര മണ്ഡലത്തിൽ രണ്ട് പ്രവൃത്തികൾക്കാണ് പ്രധാനമായും തുക വകയിരുത്തിയത്. കൽപ്പത്തൂർ വെള്ളിയൂർ കാപ്പുമുക്ക് റോഡിൻറെ നവീകരണ പ്രവൃത്തി പൂർത്തീകരിക്കാൻ പത്തുകോടിയും പെരുവണ്ണാമുഴിയിൽ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ അഡീഷണൽ എക്സ്റ്റൻഷൻ സ്‌കീമിന് ഏഴു കോടി രൂപയുമാണ് അനുവദിച്ചത്. പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ചിലെ മുതുകാട് 120 ഹെക്ടർ സ്ഥലത്ത് കടുവ സഫാരി പാർക്ക് തുടങ്ങുമെന്ന് ബജറ്റ് പ്രസംഗത്തിൽ ഉണ്ടെങ്കിലും ഇതിന് തുക വകയിരുത്തിയിട്ടില്ല.