നാട്ടുകാരെ ശ്വാസംമുട്ടിച്ച് റെയിൽവേ യാത്രാവഴി അടക്കുന്നു
ക്രോസ് റോഡ് ഇല്ലാത്ത സ്ഥലങ്ങളിൽ റെയിൽവേ ട്രാക്ക് കടന്നാണ് ജനങ്ങൾ സ്ഥിരമായി സഞ്ചരിച്ചിരുന്നത്

പയ്യോളി: ക്രോസ് റോഡ് ഇല്ലാത്ത സ്ഥലങ്ങളിൽ റെയിൽവേ ട്രാക്ക് കടന്നാണ് ജനങ്ങൾ പടിഞ്ഞാറ് ഭാഗത്തേക്കും, കിഴക്ക് ഭാഗത്തേക്കും സ്ഥിരമായി സഞ്ചരിച്ചിരുന്നത്. തൊഴിലാളികളും, ഉദ്യോഗസ്ഥരും, വിദ്യാർത്ഥികളും, രോഗികളും ഒക്കെ ഇതിൽ പെടും. എന്നാൽ, ഇപ്പോൾ ഇത്തരം ക്രോസ് വഴികളൊക്കെ തന്നെ സതേൺ റെയിൽവേയുടെ നിർദ്ദേശ പ്രകാരം ഒന്നൊന്നായി നീക്കി, കമ്പിവേലി കെട്ടാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്.
വാർഷിക പരീക്ഷ അടുത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളാണ് എന്തുചെയ്യണമെന്ന് അറിയാതെ ശ്വാസം മുട്ടുന്നത്. പടിഞ്ഞാറ് നിന്നും കിഴക്ക് ഭാഗത്തേക്ക് എത്തണമെങ്കിൽ മൂന്നുനാലു കിലോമീറ്റർ ദൂരത്തുള്ള റെയിൽവേ ഗേറ്റിലേക്ക് നടക്കുകയോ, വാഹന സഞ്ചാരം നടത്തുകയോ വേണം. ഇതുവഴി വരുന്ന സാമ്പത്തിക നഷ്ടവും, യാത്രാ അസൗകര്യങ്ങളും ഏറെയാണ്.
ചില വ്യക്തികൾ ട്രാക്ക് മറികടന്ന് ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയതാണത്രെ ഇത്തരമൊരു തീരുമാനമെടുക്കാൻ റെയിൽവേയെ പ്രേരിപ്പിച്ചത് എന്നറിയുന്നു. ദുരിതത്തിൽ ശ്വാസംമുട്ടുന്ന ജന സഞ്ചയം ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലാണ് .മാനസികവും ശാരീരികവും സാമ്പത്തികവുമായി ഏറെ കഷ്ടപ്പെടുന്ന നാട്ടുകാർ റെയിൽവേ പ്രശ്നം കൂടി വന്നതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ഏറെ ആശങ്കയിലുമാണ് .