താമരശ്ശേരി ജിവിഎച്ച്എസ്എസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി
പ്ലസ് വൺ വിദ്യാർത്ഥിയായ ഷുഹൈബാണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്

താമരശ്ശേരി: താമരശ്ശേരി ജിവിഎച്ച്എസ്എസിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ്ഗിങ്ങിൻ്റെ പേരിൽ ക്രൂരമായി മർദ്ദിച്ചതായി പരാതി. വിഎച്ച്എസ്ഇ ഒന്നാം വർഷ വിദ്യാർത്ഥിയായ ഷുഹൈബിനാണ് പരിക്കേറ്റത്. മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥിയുടെ എല്ലുകൾക്ക് ക്ഷതമേറ്റു. ഷുഹൈബിപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങവേയാണ് ഷുഹൈബിനെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചത്.മർദ്ദനത്തിൽ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. വിദ്യാർത്ഥികൾ വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നാണ് വിവരം.
സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിനെ കുറിച്ച് മുമ്പും പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതൊക്കെ സ്കൂൾ അധികൃതരുടെയും മറ്റും മധ്യസ്ഥതയിൽ ഒത്തുതീർപ്പായിരുന്നു.