താമരശ്ശേരിയിലെ ലഹരിസംഘവുമായുള്ള ബന്ധം; സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു
കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ. താമരശ്ശേരി മൂന്നാംതോട് സ്വദേശി രജിലേഷിനെതിരേയാണ് അച്ചടക്കനടപടി
താമരശ്ശേരി : താമരശ്ശേരിയിലെ ലഹരിമാഫിയ സംഘവുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സി.പി.ഒ. താമരശ്ശേരി മൂന്നാംതോട് സ്വദേശി രജിലേഷിനെതിരേയാണ് അച്ചടക്കനടപടി സ്വീകരിച്ചിരിക്കുന്നത്.
ലഹരിമാഫിയാ സംഘാംഗവും ക്രിമിനൽ കേസ് പ്രതിയുമായ കുടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മൽ അയ്യൂബിനൊപ്പം രജിലേഷ് നിൽക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു.അതുകൂടാതെ അനുമതിയില്ലാതെ അവധിയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. കൊടുവാളുമായി എക്സൈസ് ഓഫീസിൽ കയറി അതിക്രമം നടത്തിയതുൾപ്പെടെ പത്തൊമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അയ്യൂബ്.
സംഭവത്തിൽ താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ മേൽനോട്ടത്തിൽ ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ എസ്.പി ആർ. കറുപ്പസാമിയാണ് സസ്പെൻഷൻ ഉത്തരവിട്ടത്.
ലഹരിമാഫിയാ സംഘവുമായി ചില പോലീസുകാർക്ക് അടുത്ത ബന്ധമുണ്ടെന്ന് ഡി.വൈ.എഫ്.ഐ. ഉൾപ്പെടെ ആരോപിച്ച് ദിവസങ്ങൾ പിന്നിടും മുമ്പെയായിരുന്നു ഒരു ഓൺലൈൻ പ്രാദേശിക വാർത്താഗ്രൂപ്പിൽ സി.പി.ഒ.യുടെയും അയ്യൂബിന്റെയും ഫോട്ടോ പ്രചരിച്ചത്. സി.പി.ഒ.ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യും എം.കെ. മുനീർ എം.എൽ.എ.യും ആഭ്യന്തരവകുപ്പിന് പരാതി നൽകിയിരുന്നു.